വാഴ്ത്തപ്പെട്ട ദേവസഹായം പിളള ഇന്ന് വിശുദ്ധ പദവിയിലേക്ക്

google news
devasahayampillai

വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരക്ക് വത്തിക്കാനിലാണ് ചടങ്ങുകൾ. ദേവസഹായം പിളളയെ കൊലപ്പെടുത്തിയ കാറ്റാടിമലയിലും അദ്ദേഹത്തിൻറെ പേരിലുളള നെയ്യാറ്റിൻകരയിലെ പളളിയിലും ഇന്ന് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകള്ളും ആഘോഷ പരിപാടികളും നടക്കും.

തിരുസഭയുടെ വിശുദ്ധാരാമത്തിലേക്ക് ദേവസഹായം പിളള ഉയർത്തപ്പെടുമ്പോൾ, പ്രഥമ അൽമായ വിശുദ്ധനെ ലഭിക്കുന്ന ആനന്ദത്തിലാണ് കത്തോലിക്കാ സഭാ വിശ്വാസികൾ. ഭാരതീയ ക്രൈസ്തവ സഭയുടെ ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിളള. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ, ഇന്ത്യൻ സമയം ഇന്ന് ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കും.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്തു ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. ക്രിസ്തുമതവിശ്വാസിയായി ജീവിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ വെടിയേറ്റു മരിക്കുകയായിരുന്നു. നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിലാണു മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ 2012 ഡിസംബർ 2ന് മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരുന്നു.

വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങുകളുടെ ഭാഗമായി തമിഴ്‌നാട്ടിലെ കോട്ടാർ, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർഥനകൾ നടക്കും. നെയ്യാറ്റിൻകര രൂപതയിലെ പാറശാല ഫൊറോനയിലുള്ള ചാവല്ലൂർപൊറ്റയിൽ വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ നാമധേയത്തിലുളള ആദ്യ ദേവാലയത്തിലും ആഘോഷങ്ങളുണ്ട്. വൈകിട്ട് 6 നു നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമികനാകും. വൈകിട്ട് 5നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായി പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിലും പൊന്തിഫിക്കൽ ദിവ്യബലി നടക്കും.

Tags