ലൈംഗികാതിക്രമക്കേസിൽ ട്രംപിനെതിരെ ശിക്ഷാവിധി ശരിവച്ച് അപ്പീൽ കോടതി
വാഷിങ്ടൺ ഡിസി : ലൈംഗീകാതിക്രമ കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിനെതിരെ കീഴ്‌കോടതി പുറപ്പെടുവിച്ച വിധി ശരിവച്ച് യുഎസ് അപ്പീൽ കോടതി. എഴുത്തുകാരി ഇ ജീൻ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് കേസ്.
കേസിൽ അഞ്ച് ദശലക്ഷം യു എസ് ഡോള നഷ്‌ടപരിഹാരം നൽകണമെന്ന വിധിയാണ് അപ്പീൽ കോടതി ശരിവച്ചത്. കേസിൽ വീണ്ടും വാദം നടത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് കോടതി വിധിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.
തനിക്കെതിരായ വിധി തെറ്റാണെന്നും, പുനർവിചാരണ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ട്രംപ് അപ്പീൽ നൽകിയിരുന്നത്. 1996 ൽ മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ വെച്ച് ട്രംപ് എഴുത്തുകാരി ജീൻ കരോളിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. താൻ അതിക്രമം നടത്തിയെന്നാരോപിച്ച മറ്റ് രണ്ട് സ്‌ത്രീകളുടെ മൊഴിയെടുത്തത് അടക്കം വിധിപറഞ്ഞ ജഡ്‌ജിമാർക്ക് പിഴവുപറ്റിയെന്ന വാദത്തിലൂന്നിയാണ് ട്രംപ് ശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകിയത്.