ലോകസമാധാനത്തിനായി ചൈനയും റഷ്യയും കൈകോര്‍ത്ത് മുന്നോട്ട് നീങ്ങണമെന്ന് ചൈനീസ് പ്രസിഡന്റ്
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് നല്‍കിയ പുതുവര്‍ഷ സന്ദേശത്തില്‍ ‘ലോകസമാധാനം’ പ്രോത്സാഹിപ്പിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രതിജ്ഞയെടുത്തുവെന്ന് ഫസ്റ്റ് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ”അന്താരാഷ്ട്ര സാഹചര്യം എങ്ങനെ മാറിയാലും, ആഴത്തിലുള്ള പരിഷ്‌കരണത്തിലും ലോക സമാധാനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതില്‍ ചൈന ഉറച്ചുനില്‍ക്കും,” ഷി പറഞ്ഞു.
2022 ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രെയ്നിലെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം മുതല്‍, അമേരിക്കയില്‍ നിന്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു നിഷ്പക്ഷത പാലിക്കാന്‍ ചൈന ശ്രമിച്ചിരുന്നു. റഷ്യയുടെ അടുത്ത രാഷ്ട്രീയ സാമ്പത്തിക പങ്കാളിയാണ് ചൈന. അതിനാല്‍ തന്നെ ചില നാറ്റോ രാജ്യങ്ങള്‍ ചൈനയെ യുദ്ധത്തിന്റെ വക്താവ് എന്ന് വിശേപ്പിച്ച് രംഗത്ത് എത്തിയിരുന്നുവെങ്കിലും ചൈന ഇതിനെതിരെ പ്രതകരിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെയും പ്രക്ഷുബ്ധമായ അന്താരാഷ്ട്ര സാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍, ചൈനയും റഷ്യയും ശരിയായ പാതയിലൂടെ തുടര്‍ച്ചയായി കൈകോര്‍ത്ത് മുന്നോട്ട് നീങ്ങണമെന്നും ഏതെങ്കിലും മൂന്നാം കക്ഷിയെ ലക്ഷ്യം വെച്ച് ഏറ്റുമുട്ടലിന് ഇറങ്ങിത്തിരിക്കരുതെന്നും ഷി, പുടിന് നല്‍കിയ സന്ദേശത്തില്‍ പറയുന്നതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.