ആന്‍ഡ്രു ഇനി രാജകുമാരനല്ല: രാജകീയ പദവികള്‍ എടുത്തുകളഞ്ഞ് ബക്കിംഗ്ഹാം കൊട്ടാരം
വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലെ വസതി വിട്ട് അദ്ദേഹത്തിന് ഇനി സ്വകാര്യ വസതിയിലേക്ക് താമസം മാറേണ്ടിവരും
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുളള ആരോപണങ്ങള്‍ക്കിടെ ചാള്‍സ് രാജാവിന്റെ സഹോദരന്‍ ആന്‍ഡ്രു രാജകുമാരന്റെ രാജകീയ പദവികള്‍ എടുത്തുകളഞ്ഞ് ബക്കിംഗ്ഹാം കൊട്ടാരം. വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലെ വസതി വിട്ട് അദ്ദേഹത്തിന് ഇനി സ്വകാര്യ വസതിയിലേക്ക് താമസം മാറേണ്ടിവരും. ആന്‍ഡ്രുവിന്റെ എല്ലാ രാജകീയ പദവികളും ബഹുമതികളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
'ആന്‍ഡ്രു രാജകുമാരന്റെ ഔദ്യോഗിക പദവികളും ബഹുമതികളും നീക്കം ചെയ്യാനുളള നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിച്ചു. ഇനി മുതല്‍ ആന്‍ഡ്രു രാജകുമാരന്‍ ആന്‍ഡ്രു മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സര്‍ എന്നായിരിക്കും അറിയപ്പെടുക. കൊട്ടരത്തില്‍ നിന്ന് താമസമൊഴിയാന്‍ അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം സ്വകാര്യ സ്ഥലത്തേക്ക് താമസം മാറും. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുന്നുണ്ടെങ്കിലും ഈ നടപടി അത്യന്താപേക്ഷിതമാണ്' എന്നാണ് ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
നേരത്തെ ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവി വഹിച്ചിരുന്ന ആന്‍ഡ്രു വിന്‍ഡ്സര്‍ എസ്റ്റേറ്റിലെ വസതിയില്‍ നിന്നും നോര്‍ഫോക്ക് കൗണ്ടിയിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലേക്കാണ് താമസം മാറുക. സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റ് ചാള്‍സ് രാജാവിന്റെ സ്വകാര്യ ഉടമസ്ഥതയിലുളളതാണ്. സഹോദരന്റെ താമസച്ചെലവും രാജാവ് തന്നെ നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 19-ന് ആന്‍ഡ്രു രാജകുമാരന്‍ യോര്‍ക്ക് പ്രഭു ഉള്‍പ്പെടെ എല്ലാ രാജകീയ പദവികളും ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കാനാണ് പദവികള്‍ ഉപേക്ഷിക്കുന്നതെന്നും ചാള്‍സ് രാജാവുള്‍പ്പെടെ കുടുംബത്തിലെ പ്രമുഖരുമായി ആലോചിച്ചാണ് തീരുമാനമെന്നും ആന്‍ഡ്രു പറഞ്ഞിരുന്നു.
.jpg)

