ബ്രിട്ടനിൽ സഹപ്രവർത്തകന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ച് പരിഹാസം; പോലീസുകാരന്റെ ജോലി തെറിച്ചു
british police

ലണ്ടന്‍ : സഹപ്രവര്‍ത്തകന് നേരേ ലൈംഗികാതിക്രമം നടത്തിയതിന് ബ്രിട്ടനിലെ പോലീസ് ഉദ്യോഗസ്ഥനെ സേനയില്‍നിന്ന് പുറത്താക്കി. വില്‍ട്ട്‌ഷെയര്‍ പോലീസിലെ ഉദ്യോഗസ്ഥനായ ആദം റീഡ്‌സിനെയാണ് പോലീസിലെ എല്ലാവിധ ചുമതലകളില്‍നിന്നും കോടതി നീക്കിയത്. രാജ്യത്തെ ഒരിടത്തും ഇയാളെ പോലീസ് സേനയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി .

പുതുതായി പോലീസ് സേനയില്‍ അംഗമായ ഉദ്യോഗസ്ഥന് നേരേ 2021 നവംബറിലാണ് ആദം റീഡ്‌സ് ലൈംഗികാതിക്രമം നടത്തിയത്. മറ്റുള്ളവരുടെ മുന്നില്‍വെച്ച് സഹപ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുകയും ജനനേന്ദ്രിയം ചെറുതാണെന്ന് പറഞ്ഞ് പരിഹസിക്കുകയുമായിരുന്നു.

അഞ്ചു ദിവസം നീണ്ടു നിന്ന വിചാരണയില്‍ ആദം റീഡ്‌സ് കുറ്റങ്ങളെല്ലാം സമ്മതിച്ചു. താന്‍ മനഃപൂര്‍വം സഹപ്രവര്‍ത്തകന്റെ പാന്റ്‌സിന്റെ സിപ്പ് അഴിച്ചെന്നും ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് സഹപ്രവര്‍ത്തകന്റെ ജനനേന്ദ്രിയം ചെറുതാണെന്ന തമാശ പറഞ്ഞെന്നും ഇയാള്‍ സമ്മതിച്ചു. അതേസമയം, ഇതെല്ലാം വെറും നേരമ്പോക്കിന്റെ ഭാഗമാണെന്നായിരുന്നു ഇയാളുടെ വാദം.

എന്നാല്‍, ഇത്തരത്തിലുള്ള മോശം പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് നോട്ടീസ് പോലും ഇല്ലാതെ ആദം റീഡ്‌സിനെ സേനയില്‍നിന്ന് പുറത്താക്കാന്‍ കോടതി ഉത്തരവിട്ടത്.

Share this story