ഇമ്രാൻ ഖാന്റെ വാദങ്ങളെ പൂർണമായി തള്ളി റഷ്യ
imran
ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാൻ ഖാൻ തന്റെ സർക്കാർ റഷ്യയിൽ നിന്ന് വിലകുറച്ച് എണ്ണ വാങ്ങിയിരുന്നുവെന്ന അവകാശവാദം നിരവധി തവണ ആവർത്തിച്ചിരുന്നു.

ഇന്ധനം വിലകുറച്ച് കയറ്റുമതി ചെയ്യുന്നതിനായി പാക്കിസ്താനുമായി യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യ. പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാദങ്ങളെ പൂർണമായി തള്ളിക്കൊണ്ടായിരുന്നു റഷ്യയുടെ പ്രതികരണം. എണ്ണയും ഗോതമ്പും റഷ്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ വാങ്ങാൻ പാകിസ്താന് സാധിക്കുമെന്നും അതിനായി കരാറുണ്ടാക്കിയെന്നുമുള്ള ഇമ്രാൻ ഖാന്റെ വാദങ്ങൾ ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്താനിലെ റഷ്യൻ അംബാസിഡർ ഡാനില ഗാനിച്ച് ഇതിന് മറുപടി നൽകിയത്.

ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാൻ ഖാൻ തന്റെ സർക്കാർ റഷ്യയിൽ നിന്ന് വിലകുറച്ച് എണ്ണ വാങ്ങിയിരുന്നുവെന്ന അവകാശവാദം നിരവധി തവണ ആവർത്തിച്ചിരുന്നു. എണ്ണയും ഗോതമ്പും വില കുറച്ച് വാങ്ങുന്നതിനായി പാകിസ്താനിലെ പുതിയ സർക്കാരും റഷ്യയുമായി ചർച്ച നടത്തുന്നുണ്ടെന്നും ഇമ്രാൻ പറഞ്ഞിരുന്നു.

റഷ്യ യുക്രെയ്‌നെ ആക്രമിച്ച അതേ ദിവസം തന്നെ മുൻ പ്രധാനമന്ത്രി മോസ്‌കോയിൽ ഉണ്ടായിരുന്നത് യാദൃശ്ചികമായിരുന്നുവെന്നും ഡാനില ഗാനിച്ച് പറഞ്ഞു. ഇമ്രാനെ പുറത്താക്കിയത് റഷ്യ സന്ദർശിച്ചതുകൊണ്ടാണെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഇമ്രാൻ മോസ്‌കോയിൽ എത്തില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story