പാകിസ്ഥാനിൽ പേപ്പർ പ്രതിസന്ധി രൂക്ഷം : വിദ്യാർഥികൾക്ക് പുസ്തകങ്ങൾ ലഭ്യമാകില്ലെന്ന് പാകിസ്താൻ പേപ്പർ അസോസിയേഷന്റെ മുന്നറിയിപ്പ്

google news
paperrmachine

ഇസ്‍‍ലാമാബാദ്: കടലാസ് പ്രതിസന്ധി കാരണം പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ ലഭ്യമാകില്ലെന്ന് പാകിസ്താൻ പേപ്പർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഇപ്പോഴത്തെ പേപ്പർ പ്രതിസന്ധിക്ക് കാരണം പ്രാദേശിക പേപ്പർ വ്യവസായങ്ങളുടെ കുത്തകയും സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളുമാണെന്നാണ് പരാതി.

ആഗസ്തില്‍ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ, പേപ്പർ പ്രതിസന്ധി കാരണം വിദ്യാർഥികൾക്ക് പുസ്തകങ്ങൾ ലഭിക്കില്ലെന്ന് ഓള്‍ പാകിസ്താന്‍ പേപ്പര്‍ മെര്‍ച്ചന്‍റ് അസോസിയേഷന്‍ പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. പ്രതിസന്ധിക്കിടെ കടലാസ് വില കുതിച്ചുയരുകയാണ്. അതിനാല്‍ പ്രസാധകർക്ക് പുസ്തകങ്ങളുടെ വില നിശ്ചയിക്കാന്‍ കഴിയുന്നില്ലെന്ന് പാകിസ്താനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധ്, പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലെ പാഠപുസ്തക ബോർഡുകൾക്ക് പുസ്തകങ്ങൾ അച്ചടിക്കാൻ കഴിയുന്നില്ല.

അതിനിടെ, പാകിസ്താനിലെ വായ്പകളുടെയും മറ്റ് നിക്ഷേപങ്ങളുടെയും തിരിച്ചടവിന്റെ കാര്യത്തിൽ ചൈന കടുത്ത വിലപേശൽ നടത്തി. 2021-2022 സാമ്പത്തിക വർഷത്തിൽ, 4.5 ബില്യൺ ഡോളറിന്‍റെ പലിശയിനത്തില്‍ പാകിസ്താൻ ഏകദേശം 150 മില്യൺ യു.എസ് ഡോളർ ചൈനയ്ക്ക് നൽകി. 2019-2020 സാമ്പത്തിക വർഷത്തിൽ, 3 ബില്യൺ ഡോളറിന്റെ വായ്പയുടെ പലിശയിനത്തിൽ പാകിസ്താൻ 120 മില്യൺ ഡോളർ നൽകി.

Tags