അപകടവും ഇന്ത്യ-പാക് സംഘര്‍ഷവും തളര്‍ത്തി: 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

air india express
air india express

അഹമ്മദാബാദിലെ അപകടവും ഇന്ത്യ-പാക് സംഘര്‍ഷവും മൂലം പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യ 10,000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു. ഉടമകളായ ടാറ്റ സണ്‍സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവരെയാണ് സമീപിച്ചത്. പാക്‌സ്താന്റെ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ മൂലം 4,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറയുന്നു. 

tRootC1469263">

പ്രവര്‍ത്തന നഷ്ടം നികത്തുന്നതിനും എയര്‍ലൈന്‍ സംവിധാനവും സേവനവും മെച്ചപ്പെടുത്തുന്നതിനും സ്വന്തമായി എന്‍ജിനിയറിങ്, അറ്റകുറ്റപ്പണി വിഭാഗങ്ങള്‍ സ്ഥാപിക്കുന്നതിനും വേണ്ടിയാണ് തുക ആവശ്യപ്പെട്ടത്.

നിലവിലെ ഉടമകളായ ടാറ്റ സണ്‍സിന് എയര്‍ ഇന്ത്യയില്‍ 74.9 ശതമാനം ഓഹരി വിഹിതമാണുള്ളത്. ബാക്കിയുള്ള ഓഹരികള്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശമാണ്. ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായി സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് ആവശ്യം. പലിശ രഹിത വായ്പയായോ ഓഹരി വിഹിതമായോ നല്‍കുന്നകാര്യത്തില്‍ തീരുമാനം പിന്നീട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നുവീണത് കമ്പനിക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്. കഴിഞ്ഞ ജൂണ്‍ 12നായിരുന്നു അപകടം. 240ലേറെ പേരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡിജിസിഎ സമഗ്രമായ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടിരുന്നു.

ദുരന്തത്തെ തുടര്‍ന്ന് ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഈ വിഭാഗം പ്രത്യേക വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറയ്‌ക്കേണ്ടിവന്നിരുന്നു. കാര്യമായ സാമ്പത്തിക നഷ്ടം ഇതുമൂലമുണ്ടായി. ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് പ്രവര്‍ത്തന ചെലവില്‍ വന്‍ വര്‍ധനവുണ്ടാക്കിയെന്നും കമ്പനി പറയുന്നു.

അടുത്ത വര്‍ഷം മാര്‍ച്ചോടെ നഷ്ടംനികത്തി ലാഭത്തിലാക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോള്‍. 64 ശതമാനത്തിലധികം വിപണി വിഹിതമുള്ള ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഇന്‍ഡിഗോ മാത്രമാണ് രാജ്യത്ത് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക വിമാന കമ്പനി.

Tags