താപനില പൂജ്യംഡിഗ്രിവരെ, പുൽമേടുകളിൽ മഞ്ഞുവീഴ്ച; മൂന്നാറിലേക്ക് വിട്ടോളൂ


മൂന്നാർ:മൂന്നാറിൽ തുടർച്ചയായി രണ്ടാംദിവസവും അതിശൈത്യം. ചൊവ്വാഴ്ച പുലർച്ചെ മാട്ടുപ്പട്ടി ചെണ്ടുവരയിൽ ഒരു ഡിഗ്രി സെൽഷ്യസായിരുന്നു താപനില. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീണു.
മൂന്നാർ ടൗൺ, ലക്ഷ്മി എസ്റ്റേറ്റ്, ദേവികുളം എന്നിവിടങ്ങളിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസും സൈലന്റ്‌വാലിയിൽ മൂന്ന് ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. രാവിലെയും വൈകീട്ടും അതിശൈത്യവും ഉച്ചസമയത്ത് ശക്തമായ വെയിലുമാണ് മൂന്നാർ മേഖലയിൽ. തിങ്കളാഴ്ച രാവിലെ പ്രദേശത്തെ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. തണുപ്പ് വർധിക്കുന്നതോടെ വിനോദസഞ്ചാരികളുടെ തിരക്കേറും.
തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത് ഇവിടങ്ങളിലാണ്. മൂന്നാഴ്ചയ്ക്കുശേഷമാണ് ഇവിടെ താപനില വീണ്ടും പൂജ്യത്തിലെത്തിയത്.