കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്ആർ.ടി.സി പ്രത്യേക ബജറ്റ് ടൂറിസം ആരംഭിക്കും; മന്ത്രി കെ.ബി ഗണേഷ് കുമാർ

 KSRTC to start special budget tourism by connecting tourist spots in Kasaragod district; Minister KB Ganesh Kumar
 KSRTC to start special budget tourism by connecting tourist spots in Kasaragod district; Minister KB Ganesh Kumar

കാസർകോട് : ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുമെന്നും കെ.എസ്ആർ.ടി.സി ഉദ്യോഗസ്ഥർ നാളെ ഇതിനെക്കുറിച്ച് സാധ്യതപഠനം നടത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ബേക്കൽ ബീച്ച് പാർക്കിൽ ജില്ലാ പഞ്ചായത്ത് ജില്ലാ വ്യവസായ കേന്ദ്രവുമായി ചേർന്ന സംഘടിപ്പിച്ച ഖൽബിലെ ബേക്കൽ ഹാപ്പിനസ് ഫെസ്റ്റിവലിൽ നിക്ഷേപക സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാസർകോട് കെ.എസ്ആർ.ടി.സി ഡിപ്പോ കെട്ടിടത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുറികൾ സർക്കാർ ഓഫീസുകൾക്കും ഇതര ഓഫീസുകൾക്കുമായി അനുവദിക്കുമെന്നും സമഗ്ര പഠനത്തിന് കെ.എസ്ആർ.ടി.സി മാനേജിങ് ഡയറക്ടർ കാസർകോട് എത്തുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ കെ.എസ്ആർ.ടി.സി കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ജില്ലാ കലക്ടറോട് മന്ത്രി നിർദ്ദേശിച്ചു.

അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.ബേക്കൽ ബീച്ച് പാർക്കിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് കാസർകോട് ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്ത അഭിമുഖത്തിലാണ് നിക്ഷേപ സംഗമം സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ കെ ഇമ്പശേഖർ, കാസർഗോഡ് മുൻസിപ്പൽ ചെയർപേഴ്സൺ അബ്ബാസ് ബീഗം, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എം കുമാരൻ ,സി പി സി ആർ ഐ ഡയറക്ടർ ബാലചന്ദ്രഹെബ്ബാർ, മണികണ്ഠൻ മേലത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഷാനവാസ്  പാദൂർ എന്നിവർ സംസാരിച്ചു. സാമൂഹ്യ ശാസ്ത്രമേള ശാസ്ത്രമേള, പ്രവർത്തിപരിചയമേള എന്നിവയിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. വ്യവസായ സംരംഭകരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരായ ആദിൽ മുഹമ്മദ്, കെ നിതിൻ എന്നിവർ വിഷയം അവതരിപ്പിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ നവീന ആശയങ്ങൾ ആവിഷ്കരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പുരസ്കാരം നേടിയ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ, കാർഷിക രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ സിപിസി ആർ ഐ ഡയറക്ടർ ബാലചന്ദ്രൻ, പ്രമുഖ വ്യവസായ സംരംഭകൻ മണികണ്ഠൻ മേലത്ത് തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് മന്ത്രി കെ ബി ഗണേഷ് കുമാർ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം നൽകി. 

Tags