വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ

IndiGo
IndiGo


ദില്ലി: ഒരാഴ്ചയ്ക്കുശേഷം ഇൻഡിഗോ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. കഴിഞ്ഞദിവസം 1800 ൽ അധികം വിമാന സർവീസുകൾ ഇൻഡിഗോ നടത്തി. റദ്ദാക്കുന്ന വിമാന സർവീസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. അതേസമയം, പ്രശ്നം പൂർണമായി പരിഹരിക്കാത്തതിനാൽ ഇന്നും സർവീസുകൾ റദ്ദാക്കുന്നത് തുടരും. ഡി ജി സി എ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കഴിഞ്ഞദിവസം ഇൻഡിഗോ മറുപടി നൽകി.

tRootC1469263">

 പ്രതിസന്ധി ഉണ്ടാകാൻ പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഇൻഡിഗോ ചൂണ്ടിക്കാട്ടുന്നത്. ഡ്യൂട്ടി പരിഷ്കരണവും കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും അടക്കമുള്ള അഞ്ച് കാരണങ്ങളാണ് ഇൻഡിഗോ അറിയിച്ചത്. ഈ മറുപടിയുടെയും നാലംഗ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ ആയിരിക്കും കേന്ദ്രം തുടർനടപടികൾ സ്വീകരിക്കുക.

അതേസമയം, ഇൻഡിഗോ വിമാന സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കിയതിൽ ടിക്കറ്റ് റീഫണ്ട് നൽകിയതിന്‍റെ കണക്ക് ഇന്നലെ വ്യോമയാന മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഡിസംബർ ഒന്നു മുതൽ ഏഴു വരെയുള്ള 5,86,705 ബുക്കിങ്ങുകളുടെ തുകയായി 569.65 കോടി രൂപയാണ് ഏറ്റവും ഒടുവിലായി തിരിച്ചു നൽകിയത്. നവംബർ 21 മുതൽ ഡിസംബർ ഏഴു വരെ 9,55,591 ബുക്കിങ്ങുകളുടെ റീഫണ്ട് തുകയായി 827 കോടി രൂപയാണ് ആകെ യാത്രക്കാർക്ക് തിരികെ നൽകിയെന്നും മന്ത്രാലയം അറിയിച്ചു. 4500 ബാഗേജുകൾ യാത്രക്കാർക്ക് തിരികെ നൽകി. ബാക്കിയുള്ള ബാഗേജുകൾ അടുത്ത 36 മണിക്കൂറിനുള്ളിൽ തിരികെ നൽകും. അതേസമയം, ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രി പാര്‍ലമെന്‍റില്‍ അറിയിച്ചു. നടപടി മറ്റ് വിമാന കമ്പനികള്‍ക്ക് കൂടി പാഠമാകുമെന്നും മന്ത്രി റാം മോഹന്‍ നായിഡു രാജ്യസഭയില്‍ മുന്നറിയിപ്പ് നല്‍കി.

ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ച പ്രതിസന്ധിക്ക് ഉത്തരവാദി ഇന്‍ഡിഗോ വിമാന കമ്പനി മാത്രമാണെന്നാണ് വ്യോമയാന മന്ത്രി ഇന്ന് പാർലമെന്റിനെ അറിയിച്ചത്. നവംബർ ഒന്നു മുതൽ നിലവിൽ വന്ന രണ്ടാംഘട്ട എഫ്ഡി ടി എൽ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ വിമാന കമ്പനികൾക്ക് മതിയായ സമയം നൽകിയിരുന്നു. ഡിസംബർ ഒന്നിനും ഇൻഡിഗോയുമായി ചർച്ച നടത്തി പക്ഷേ ചർച്ചയിൽ പ്രതിസന്ധിയെക്കുറിച്ച് ഇൻഡിഗോ പരാമർശിച്ചില്ല. മൂന്നാം തീയതി യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രതിസന്ധി തുടങ്ങി. അന്വേഷണം തുടരുകയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഓർമിപ്പിച്ചു. ഇൻഡിഗോക്കെതിരെ ഉണ്ടാകുന്ന നടപടി മറ്റ് വിമാന കമ്പനികൾക്കും പാഠമാകുമെന്ന മുന്നറിയിപ്പും മന്ത്രി നൽകി. മന്ത്രിയുടെ വിശദീകരണത്തോടെ ഇൻഡിഗോ സി ഇ ഓ പീറ്റര്‍ എല്‍ബേഴ്സിനെ നീക്കുമെന്ന കേന്ദ്ര നിലപാട് കൂടുതൽ വ്യക്തമാവുകയാണ്. അതേസമയം, ഇൻഡിഗോയ്ക്ക് ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്‍കാന്‍ നീട്ടി നല്‍കിയ സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം ആറു മണിക്ക് മുൻപ് മറുപടി നൽകണമെന്നാണ് നിർദ്ദേശം.

Tags