യു.എസ് ഗൂഗിൾ മാപ്പിൽ 'മെക്സിക്കോ ഉൾക്കടൽ' പേര് മാറുന്നു , ഇനി 'അമേരിക്കൻ ഉൾക്കടല്‍'


സാൻഫ്രാൻസിസ്കോ: യു.എസിലെ ഗൂഗിൾ മാപ്പിൽ മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്കാ ഉൾക്കടൽ എന്നാക്കുമെന്ന് ഗൂഗിൾ അറിയിച്ചു. എന്നാൽ, സർക്കാരിന്റെ ഔദ്യോഗികരേഖയിൽ പേരുമാറുമ്പോഴേ ഗൂഗിൾ മാപ്പിലും പേരുമാറ്റൂവെന്ന് കമ്പനി പറഞ്ഞു. യു.എസ്. ഒഴികെയുള്ളിടങ്ങളിലെ ഗൂഗിൾ മാപ്പിൽ ഉൾക്കടലിന്റെ പേര് മെക്സിക്കോ എന്നുതന്നെയായിരിക്കും.
പ്രസിഡന്റ് നിർദേശിച്ചതനുസരിച്ച് മെക്സിക്കോ ഉൾക്കടൽ ഇനിമുതൽ അമേരിക്കാ ഉൾക്കടൽ എന്നാകും ഔദ്യോഗികമായി അറിയപ്പെടുകയെന്ന് യു.എസ്. ആഭ്യന്തരവകുപ്പ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവുമുയർന്ന കൊടുമുടിയായ ഡെനാലിയുടെ പേര് ഇനിമേൽ മക്കിൻലി എന്നാകുമെന്നും വകുപ്പ് അറിയിക്കുകയുണ്ടായി. എന്നാൽ, ഭൂനാമങ്ങൾ വ്യക്തമാക്കുന്ന യു.എസ്. സർക്കാരിന്റെ വിവരശേഖരത്തിൽ (ജിയോഗ്രഫിക് നെയിംസ് ഇൻഫർമേഷൻ സിസ്റ്റം) പേരുമാറ്റം രേഖപ്പെടുത്തുന്നമുറയ്ക്കേ ഗൂഗിൾ മാപ്പിൽ പേരുമാറൂ.
യു.എസ്. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എ.പി.) അമേരിക്കാ ഉൾക്കടൽ എന്നപേര് അംഗീകരിക്കുമെങ്കിലും 400 വർഷമായി ഉപയോഗിച്ചുവരുന്ന മെക്സിക്കൻ ഉൾക്കടൽ എന്നുതന്നെ തുടർന്നും ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, യു.എസിലെ ട്രംപിന്റെ അധികാരം അംഗീകരിച്ച് ഡെനാലിയെ ഇനിമേൽ മക്കിൻലി കൊടുമുടിയെന്നു വിളിക്കുമെന്നും എ.പി. പറഞ്ഞു.
