ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ? എങ്കിൽ വലിയ അപകടം പതിയിരിക്കുന്നു
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന ആപ്ലിക്കേഷൻ കൂടിയാണിത്. ഇപ്പോൾ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ ഗൂഗിൾ ക്രോം ബ്രൗസറിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് അവസരമായി കണ്ട് ഹാക്കർമാർ ഉപയോക്താക്കളെ സൈബർ തട്ടിപ്പിന് ഇരയാക്കിയേക്കാം. അപകടസാധ്യത ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാൻ ഉടൻ തന്നെ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് കേന്ദ്രസർക്കാരിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടിഇൻ) മുന്നറിയിപ്പ് നൽകി.
വിൻഡോസ്, മാക് എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന, 131.0.6778.204/.205ന് മുമ്പുള്ള ഡെസ്‌ക്ടോപ്പ് പതിപ്പുകൾക്കുള്ള ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്കും ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന, 131.0.6778.204ന് മുമ്പുള്ള ഡെസ്‌ക്ടോപ്പ് പതിപ്പുകൾക്കുള്ള ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്കുമാണ് അപകട സാധ്യത. ഈ ബ്രൗസറുകൾക്കാണ് സുരക്ഷാവീഴ്ച ഉള്ളത്. അതിനാൽ ഉയർന്ന അപകട സാധ്യതയാണ് കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയം മുന്നറിയിപ്പായി നൽകിയിരിക്കുന്നത്. സുരക്ഷാ പിഴവ് കാരണം ഡെസ്‌ക്ടോപ്പിനായി ഈ വേർഷനുകളിലുള്ള ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളുടേയും സെൻസിറ്റീവ് വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഉപയോക്താക്കൾ ഉടൻ തന്നെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ സിഇആർടി ഇൻ നിർദ്ദേശിക്കുന്നു. Windows, Mac ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡെസ്‌ക്ടോപ്പ് വേർഷൻ ഉപയോഗിക്കുന്നവർ 131.0.6778.204/.205 ലേക്കും ലിനക്‌സിൽ പ്രവർത്തിക്കുന്ന ഡെസ്‌ക്ടോപ്പ് വേർഷൻ ഉപയോഗിക്കുന്നവർ 131.0.6778.204 ലേക്കും ബ്രൗസറിനെ അപ്‌ഡേറ്റ് ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.