എഐയിൽ ചാറ്റ്ജിപിടി തന്നെ ഇപ്പോഴും സ്റ്റാർ

chat gpt
chat gpt

 ഡീപ്‌സീക്ക് ടെക് ലോകത്ത് വലിയ ചലനമുണ്ടായിരുന്നു. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയെ വെല്ലുവിളിച്ചെത്തിയ ഡീപ്‌സീക്കിൻറെ ഈ കുതിപ്പ് പക്ഷേ തുടക്കക്കാരുടെ ആവേശം മാത്രമായിരുന്നു എന്ന് പഠന റിപ്പോർട്ട് പറയുന്നു. ഉപയോക്താക്കൾ കൂടുതൽ തവണ എത്തിയതിലും കൂടുതൽ സമയം ചിലവിട്ടതിലും ഡീപ്‌സീക്കിനേക്കാൾ മുന്നിൽ ചാറ്റ്ജിപിടിയാണ് എന്നാണ് കണക്കുകൾ. 

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് അമേരിക്കൻ കുത്തകകളെ വിറപ്പിച്ചായിരുന്നു ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്സീക്കിൻറെ വരവ്. കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ചതെന്ന് കമ്പനി അവകാശപ്പെടുന്ന 'ഡീപ്‌സീക്ക് ആ‌ർ1' എന്ന ലാർജ് ലാഗ്വേജ് മോഡലാണ് ചാറ്റ്‌ജിപിടിയെ അടക്കം തുടക്കത്തിൽ വിറപ്പിച്ചത്. ആപ്പിൾ കമ്പനിയുടെ ആപ്പ് സ്റ്റോറിലെ ഡൗൺലോഡുകളുടെ എണ്ണത്തിൽ ചാറ്റ്‌ജിപിടിയെ ഡീപ്‌സീക്ക് ദിവസങ്ങൾ കൊണ്ട് മറികടക്കുകയും ചെയ്തു. യുഎസ് ചിപ്പ്, ഗ്രാഫിക്സ് പ്രൊസസർ നിർമ്മാണ ഭീമനായ എൻവിഡിയയുടെ ഓഹരിമൂല്യം പോലും ഇടിച്ചുതാഴ്ത്താനും ഡീപ്‌സീക്കിൻറെ പുതിയ ചാറ്റ്ബോട്ടിനായി. എന്നാൽ ഡീപ്‌സീക്കിൻറെ ഈ കുതിപ്പ് കുറച്ച് കാലത്തേക്ക് മാത്രമായിരുന്നെന്നും ദീർഘകാല ഉപയോഗം പരിഗണിക്കുമ്പോൾ ചാറ്റ്‌ജിപിടി തന്നെയാണ് സ്റ്റാർ എന്നുമാണ് പുതിയ റിപ്പോർട്ടുകൾ. 


'ഡീപ്‌സീക്ക് ആ‌ർ1' പുറത്തിറങ്ങി ആദ്യ രണ്ടുമൂന്ന് വാരങ്ങളിൽ ഡീപ്‌സീക്ക് വൻ കുതിപ്പിൻറെ സൂചന നൽകിയിരുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ ഇപ്പോൾ ഡീപ്‌സീക്കും ചാറ്റ്‌ജിപിടിയും കാഴ്ചവെക്കുന്ന പ്രകടനത്തെ കുറിച്ച് ബോബിൾ എഐ മാർക്കറ്റ് ഇൻറലിജൻസ് ഡിവിഷൻ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. പുറത്തിറങ്ങി മൂന്നാമത്തെ ആഴ്ചയ്ക്ക് ശേഷം ഡീപ്‌സീക്ക് ആ‌ർ1 ഉപയോഗം കാര്യക്ഷമമായില്ല. ചാറ്റ്ജിപിടിയിലും ഡീപ്‌സീക്കിലും ഉപയോക്താക്കൾ ചിലവിടുന്ന സമയം പരിശോധിച്ചാൽ ചാറ്റ്‌ജിപിടിയാണ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഡീപ്‌സീക്കിൽ ചിലവിടുന്നതിനേക്കാൾ ഏകദേശം ഇരട്ടി സമയം ആളുകൾ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നു. മാത്രമല്ല, യൂസർമാർ ഏറ്റവും കൂടുതൽ തവണ സന്ദർശിക്കുന്ന എഐ ചാറ്റ്‌ബോട്ടും ചാറ്റ്‌ജിപിടിയാണ്

Tags