വാട്സാപ്പിലേയും ഇൻസ്റ്റയിലേയും നീല വളയം; ഇവൻ നിങ്ങൾക്ക് വേണ്ടി എന്തും ചെയ്യും

WHATS APP INSTA

വാട്സാപ്പിലിടാന്‍ നിങ്ങള്‍ക്കൊരു സ്റ്റിക്കര്‍ വേണം, അല്ലെങ്കില്‍ ഒരു ഫോട്ടോ എഡിറ്റ് ചെയ്യണം, അതുമല്ലെങ്കില്‍ ഇന്‍സ്റ്റയില്‍ റീല്‍സ് പോസ്റ്റ് ചെയ്യാനുള്ള നല്ല ഒരു ആശയം വേണം സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ഗൂഗിളില്‍ തിരയുകയാണ് പതിവ്. അല്ലെങ്കില്‍ പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. എന്നാല്‍ അതിനെല്ലാം അവസാനമിട്ടുകൊണ്ടാണ് എഐ ചാറ്റ് ബോട്ടുകള്‍ രംഗപ്രവേശം ചെയ്തത്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയില്‍ തുടങ്ങി, ഗൂഗിള്‍ ജെമിനൈ, ആന്ത്രോപിക്കിന്റെ ക്ലോഡ്, മെറ്റ പ്ലാറ്റ്‌ഫോംസിന്റെ മെറ്റ എഐ തുടങ്ങി എഐ ചാറ്റ്‌ബോട്ടുകള്‍ ഏറെയുണ്ട്.

ജനപ്രിയ സോഷ്യല്‍ മീഡിയാ കമ്പനിയായ മെറ്റ അടുത്തിടെയാണ് മെറ്റ എഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ഒട്ടുമിക്ക സ്മാര്‍ട്‌ഫോണുകളിലും മെറ്റയുടെ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകളില്‍ മെറ്റ എഐ എത്തിക്കഴിഞ്ഞു. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ മിക്കവര്‍ക്കും സെര്‍ച്ച് ബാറില്‍ ഒരു നീല വളയം വന്നു കാണണം. ഇനി വരാത്തവര്‍ ആപ്ലിക്കേഷനുകൾ അപ്‌ഡേറ്റ് ചെയ്താല്‍ മതി. meta.ai വഴിയും ചാറ്റ് ബോട്ട് ഉപയോഗിക്കാം. വാട്‌സാപ്പ് ഐഒഎസ് ആപ്പിന് മുകളിലായും ആന്‍ഡ്രോയിഡില്‍ താഴെ വലത് ഭാഗത്തായും മെറ്റ എഐ ലോഗോ കാണാം.

മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയാണ് ഈ ചാറ്റ്ബോട്ട് നിര്‍മിച്ചിരിക്കുന്നത്. അതായത് ടെക്സ്റ്റിന് പുറമേ ഇമേജും ജനറേറ്റ് ചെയ്യാനാവും.നിലവില്‍ ഇംഗ്ലീഷ് മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. പക്ഷേ, പ്രാദേശിക ഭാഷകളിലേക്കും ഭാവിയില്‍ സംവിധാനം കടന്നുവരും. ഓരോ പ്ലാറ്റ്‌ഫോമിലേയും ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

Tags