വളർത്തുമൃഗങ്ങളോട് ഇനി എ.ഐ സംസാരിക്കും


ഓമനമൃഗങ്ങളുടെ സന്തോഷവും സങ്കടവും പരിഭവങ്ങളും ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞാൽ അവയെ പരിപാലിക്കാൻ എന്തു രസമായിരിക്കും അല്ലേ? അതിന് സാധ്യമാകും എന്നാണ് ചൈനയിൽനിന്നുള്ള റിപ്പോർട്ടുകൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മൃഗങ്ങളുടെ ശബ്ദം മനുഷ്യന്റെ ഭാഷയിലേക്ക് വിവർത്തനംചെയ്യാൻ കഴിയുമോ എന്ന പരീക്ഷണത്തിലാണ് ചൈനയിലെ ഏറ്റവും വലിയ സെർച് എൻജിൻ ഉടമയായ ബൈഡു. മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന സാങ്കേതികവിദ്യ എന്ന ആശയത്തിൽ ചൈനീസ് നാഷനൽ ഇന്റലക്ച്വൽ പ്രോപർട്ടി അഡ്മിനിസ്ട്രേഷനിൽ ബൈഡു പേറ്റന്റ് ഫയൽ ചെയ്തിരിക്കുകയാണ്.
tRootC1469263">മൃഗങ്ങളുടെ ഭാഷ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ഏറെ കാലമായി. അതിന് എ.ഐയുടെ സഹായത്തോടെ ഒരു പരിഹാരം കണ്ടെത്താനാണ് ബൈഡു പുതിയ പേറ്റന്റിലൂടെ ശ്രമിക്കുന്നത്. അതിനായി മൃഗങ്ങളുണ്ടാക്കുന്ന ശബ്ദങ്ങൾ, അവയുടെ പെരുമാറ്റ രീതികൾ, ശരീരചലനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഡേറ്റകൾ ശേഖരിക്കുകയാണ് ആദ്യം ചെയ്യുക. അതിനുശേഷം എ.ഐ ഉപയോഗിച്ച് അവ വിശകലനംചെയ്യും. തുടർന്ന് അവയുടെ അർഥം മനസ്സിലാക്കാൻ ശ്രമിക്കുകയും അത് മനുഷ്യഭാഷയിലേക്ക് മൊഴിമാറ്റുകയുംചെയ്യുമെന്നാണ് പേറ്റന്റ് അപേക്ഷയിൽ പറയുന്നത്.

മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ ആഴത്തിലുള്ള വൈകാരിക ആശയവിനിമയവും ധാരണയും സാധ്യമാക്കാനും ക്രോസ്-സ്പീഷീസ് ആശയവിനിമയത്തിന്റെ കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്താനും ഈ സംവിധാനം സഹായിക്കുമെന്നും കമ്പനി പേറ്റന്റ് രേഖയിൽ ബൈഡു അവകാശപ്പെടുന്നു. അതേസമയം, ചൈനക്ക് പുറത്തും എ.ഐ ഉപയോഗിച്ച് മൃഗങ്ങൾ പറയുന്നതെന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
2020 മുതൽ സിറ്റുവേഷൻ ട്രാൻസ് ലേഷൻ ഇനിഷ്യേറ്റിവ് അഥവാ പ്രോജക്ട് സി.ഇ.ടി.ഐയിലെ ഗവേഷകർ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസും എ.ഐയും ഉപയോഗിച്ച് തിമിംഗലങ്ങളുടെ ആശയവിനിമയം മനസ്സിലാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് കൂടാതെ 2017 ൽ സ്ഥാപിതമായ എർത്ത് സ്പീഷീസ് പ്രോജക്ടും എ.ഐ ഉപയോഗിച്ച് മൃഗങ്ങളുടെ ആശയവിനിമയം മനസ്സിലാക്കാനുള്ള ശ്രമം നടത്തിവരികയാണ്.