ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിക്കാറില്ലേ ...? പണി കിട്ടും...
tinder

ന്യൂയോര്‍ക്ക്: ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന മോശം സന്ദേശം ഓട്ടോമാറ്റിക്കായി മനസിലാക്കാൻ ഇനി മുതൽ പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡറിന് കഴിയും. സൗഹൃദങ്ങൾ വളർത്താൻ സഹായിക്കുന്നവയാണ് ഡേറ്റിങ് ആപ്പുകൾ. സൗഹൃദത്തിന്‍റെ മറവിൽ ലൈംഗിക ചൂഷകർ ഒളിഞ്ഞിരിക്കുന്നു എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സുരക്ഷാ ഫീച്ചറുകളുമായി ടിൻഡർ എത്തുന്നത്.

ഇത്തരക്കാർ കാരണം നിരവധി പേരാണ് ചൂഷണങ്ങൾ നേരിടേണ്ടി വരുന്നത്. ഈയടുത്ത കാലത്തായി ഇതിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിഷ്കാരത്തിന് ടിൻഡർ തയ്യാറാക്കിയിരിക്കുന്നത്. നോ മോർ എന്ന കമ്പനിയുമായി ചേർന്നാണ്  ടിൻഡർ സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നത്.

ടിൻഡറിന്‍റെ ആദ്യ സ്ത്രീ മേധാവിയായ റെനറ്റെ നൈബോർഗ് (36) തന്നെയാണ് പുതിയ നടപടിയ്ക്ക് പിന്നിൽ. ആദ്യം പരസ്പരം അയയ്ക്കുന്ന മെസെജിലൂടെ കൂടുതൽ പേരുടെയും ഉദ്ദേശം വെളിപ്പെടുമെന്നാണ് നൈബോർഗ് പറയുന്നത്. ടിൻഡർ തങ്ങളുടെ ഉപയോക്താക്കൾക്കായി മാർഗനിർദേശങ്ങൾ ഇറക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് നോ മോറിന്‍റെ  ഡയറക്ടർ പമെല സബല്ല അഭിപ്രായപ്പെടുന്നത്.

മോശം പെരുമാറ്റം, സന്ദേശം തുടങ്ങിയവ എന്താണെന്നു വ്യക്തമായി മാർഗനിർദേശത്തിൽ പറയണം. യഥാർഥ ജീവിതവും ഓൺലൈൻ ജീവിതവും തമ്മിൽ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ, ഓൺലൈൻ ഡേറ്റിങ്ങിന് എത്തുന്നവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും പമെല പറഞ്ഞു.

സ്ത്രീകൾ എന്നല്ല, ടിൻഡർ ഉപയോഗിക്കുന്ന എല്ലാവർക്കും സുരക്ഷ ഉറപ്പാക്കണമെന്നതാണ് ലക്ഷ്യമെന്നും നിലവിൽ ഡേറ്റിങ് ആപ്പുകൾ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പറയുന്ന നിയമങ്ങളൊന്നും ഒരു രാജ്യത്തും ഇല്ലെന്നും പമേല ചൂണ്ടിക്കാട്ടി.

ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്ന ആളുകൾ, വിവിധ രാജ്യങ്ങളിലെ സർക്കാരുകളോട് ഇതിനാവശ്യമായ നിയമം കൊണ്ടുവരാൻ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീകളും പെൺകുട്ടികളും ഓൺലൈനിൽ നേരിടുന്ന അക്രമങ്ങൾക്കെതിരെ ഓൺലൈൻ സേഫ്റ്റി ബിൽ എന്ന പേരിൽ നിയമം കൊണ്ടുവരണം എന്ന് ബ്രിട്ടൻ സർക്കാരിനോട് ഒരു കൂട്ടർ ആവശ്യപ്പെട്ടു കഴിഞ്ഞു.

ഉപയോക്താവ് ടൈപ്പ് ചെയ്തു വച്ചിരിക്കുന്ന മോശം സന്ദേശം ഓട്ടമാറ്റിക്കായി മനസ്സിലാക്കുകയും അത് അയയ്ക്കുന്നതിനു മുൻപ്, ഈ സന്ദേശം അയയ്ക്കണമെന്ന് നിർബന്ധമാണോ എന്നു ചോദിക്കുകയും ചെയ്യുന്ന ഫീച്ചർ ടിൻഡറിൽ ലഭ്യമായി തുടങ്ങി. ഇങ്ങനെ ചോദിക്കാൻ തുടങ്ങിയതിൽ പിന്നെ 10 ശതമാനം ഉപയോക്താക്കൾ ടൈപ്പു ചെയ്തുവച്ച മെസെജ് അയയ്ക്കാൻ മടിച്ചു തുടങ്ങി എന്ന് കമ്പനി പറയുന്നു.

അഥവാ അത്തരം മെസെജുകൾ ഉപയോക്താവ് അയയ്ക്കുന്നു എങ്കിൽ അതു ലഭിക്കുന്നയാളോട് ഈ മെസെജ് നിങ്ങൾക്ക് വിഷമമുണ്ടാക്കിയോ എന്നും ചോദിക്കും. ഇതിന് അതെ എന്ന് മറുപടി പറയുന്നവരുടെ എണ്ണത്തിൽ 50 ശതമാനം വർധന ഉണ്ടായിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.
അമേരിക്കയിൽ, ടിൻഡറിലുള്ള സുരക്ഷാ സംവിധാനം വഴി ഉപയോക്താക്കളുടെ പശ്ചാത്തലം പരിശോധിക്കാനാകും.  

ഗാർബോ എന്ന കമ്പനിയാണ് ടിൻഡറിന് ഇതിന് പിന്തുണ നൽകുന്നത്. മുൻപ് ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കണ്ടെത്താനും തിരിച്ചറിയാനുമുള്ള സംവിധാനം ‘അബ്യൂസ് ആൻഡ് ഇൻസെസ്റ്റ് നാഷനൽ നെറ്റ്‌വർക്ക്’ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഈ സുരക്ഷാ ഫീച്ചർ നിരവധി പേരാണ് പ്രയോജനപ്പെടുത്തുന്നത്.

Share this story