ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ​ഗൂ​ഗിളും ഒരുങ്ങുന്നുന്നതായി റിപ്പോർട്ട്

google

ട്വിറ്റർ, മെറ്റ, ആമസോൺ എന്നീ ടെക് ഭീമന്മാർക്ക് പിന്നാലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ​ഗൂ​ഗിളും ഒരുങ്ങുന്നുന്നതായി റിപ്പോർട്ട്. ​ മോശം പ്രകടനം നടത്തുന്നുവെന്ന് വിലയിരുത്തപ്പെട്ട പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഗൂ​ഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മോശം പ്രകടനം നടത്തുന്ന ജീവനക്കാര തിരിച്ചറിയാൻ കമ്പനിയുടെ പുതിയ പെർഫോമൻസ് മാനേജ്മെന്റ് സിസ്റ്റം മാനേജർമാരെ സഹായിക്കും. ഇതിലൂടെ ആയിരക്കണക്കിന് ജീവനക്കാരെ അടുത്തവർഷം ആദ്യത്തോടെ പുറത്താക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരി വരുത്തിവച്ച നഷ്ടങ്ങളും പണപ്പെരുപ്പവുമെല്ലാം കൊണ്ട് കടുത്ത വെല്ലുവിളിയാണ് ഈ വർഷം കമ്പനി നേരിടുന്നത്. ആൽഫബെറ്റിന്റെ ലാഭത്തിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കമ്പനി കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ​ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചെ നേരത്തെ ജീവനക്കാരോട് അറിയിച്ചിരുന്നു. ഉത്പാദനക്ഷമത വർധിപ്പിക്കണമെന്നും അദ്ദേ​ഹം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ലോകത്തൊട്ടാകെയുള്ള പ്രധാന കമ്പനികൾ ഈയടുത്ത് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരുന്നു. പതിനായിരത്തോളം ജീവനക്കാരെ ഒഴിവാക്കാനാണ് ആമസോൺ തയ്യാറെടുക്കുന്നത്. ആകെ ജീവനക്കാരുടെ 13 ശതമാനം വെട്ടിച്ചുരുക്കാനാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ തീരുമാനിച്ചത്. കരാർ തൊഴിലാളികൾ ഉൾപ്പടെ 60 ശതമാനത്തോളം ജീവനക്കാരെയാണ് ട്വിറ്റർ ഒഴിവാക്കിയത്. 

Share this story