ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ല, ഈ കാര്യം ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല : രോഹിത് ശർമ
സിഡ്നി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ. സിഡ്നി ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം വിരമിക്കൽ തീരുമാനമല്ലെന്നും, ടെസ്റ്റ് ക്രിക്കറ്റ് നിർത്തുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലെന്നും രോഹിത് ശർമ വ്യക്തമാക്കി.
താൻ ഫോമിലല്ലാത്തുകൊണ്ടാണ് മത്സരത്തിൽ നിന്ന് മാറി നിന്നത്. ഇന്ത്യയെ സംബന്ധിച്ച് നിർണായക മത്സരമായതിനാൽ ഫോമിലുള്ള താരം ടീമിന് ആവശ്യമാണെന്നും രോഹിത് ശർമ വ്യക്തമാക്കി. അതിനപ്പുറം ഇതേക്കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല.
ടീമിന് എന്താണോ വേണ്ടത്, അതിനാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്. സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിന്റെ ഇടവേളയിൽ സ്റ്റാർ സ്പോർട്സിൽ അവതാരകരായ ഇർഫാൻ പഠാൻ, ജാട്ടിൻ സാപ്രു എന്നിവരുമായി സംസാരിക്കുമ്പോഴാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്.