ട്വന്റി20 ലോകകപ്പ് ; ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് കിരീടം ചൂടി ഇന്ത്യ

india

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശയായി.. ക്ലാസനും മില്ലറും ഭീഷണി ഉയര്‍ത്തിയെങ്കിലും ഒടുവില്‍ ഇന്ത്യ അര്‍ഹിക്കുന്ന ആ ജയം നേടുകയായിരുന്നു.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണ്. 

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ കിടിലന്‍ ബൗണ്ടറി ലൈന്‍ ക്യാച്ചാണ് ഇന്ത്യന്‍ വിജയത്തിന് ജീവന്‍ പകര്‍ന്നത്.

ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക തുടക്കം തന്നെ പതറിയിരുന്നു. എന്നാല്‍ ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല. ക്ലാസനും മില്ലറും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. വെടിക്കെട്ടോടെ ഇരുവരും ചേര്‍ന്ന് 15 ഓവറില്‍ ടീമിനെ 147 ലെത്തിച്ചു. പിന്നെ കാര്യമായ അത്ഭുതങ്ങളൊന്നും തന്നെ സംഭവിച്ചില്ല.

17ാം ഓവറില്‍ ക്ലാസനെ ഹാര്‍ദിക് മടക്കിയതോടെ ഇന്ത്യന്‍ പ്രതീക്ഷ മടങ്ങിയെത്തി. 27 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് താരം മടങ്ങിയത്. അപ്പോഴും ഭീഷണിയായി മില്ലര്‍ ക്രീസില്‍ നിലയുറച്ചിരുന്നു. എന്നാല്‍ 18ാം ഓവറില്‍ മില്ലറിനെ സൂര്യ കുമാര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. പിന്നാലെയെത്തിയവര്‍ക്ക് ടീം സ്‌കോറില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഫൈനലില്‍ ഇന്ത്യയുടെ സ്‌കോര്‍ മികച്ചതാക്കിയത് വിരാട് കോലിയും അക്‌സര്‍ പട്ടേലും ശിവം ദുബെയും ചേര്‍ന്നാണ്. തുടക്കത്തില്‍ തന്നെ ബിഗ് വിക്കറ്റുകള്‍ വീഴ്ത്തിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു വിരാട് കോലി, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങള്‍. രണ്ട് സിക്‌സും, ആറ് ഫോറും അടക്കം 59 ബോളില്‍ നിന്ന് 76 റണ്‍സ് മുതല്‍ക്കൂട്ടിയായിരുന്നു കോലിയുടെ മടക്കം. ഒരു സിക്‌സും നാല് ഫോറും അടക്കം 16 ബോളില്‍ നിന്ന് 27 റണ്‍സെടുത്ത് കോലിക്ക് മികച്ച പിന്തുണ നല്‍കാന്‍ ദുബെക്കായി. നാല് സിക്‌സും ഒരു ഫോറും ചേര്‍ത്ത് 31 ബോളില്‍ നിന്ന് 47 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇന്ത്യന്‍ നിരയില്‍ ബാറ്റിങ് മികവ് കാട്ടിയ താരമായി.

Tags