സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് എട്ട് വിക്കറ്റ് വിജയം

C.K. Kerala won by eight wickets in the Naidu Trophy
C.K. Kerala won by eight wickets in the Naidu Trophy

അഗർത്തല : 23 വയസ്സിൽ താഴെയുള്ളവർക്കായുളള സികെ നായിഡു ട്രോഫിയിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റ് വിജയം. 22 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. അഭിജിത് പ്രവീൺ 14ഉം അഭിഷേക് നായർ ഏഴും റൺസെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ത്രിപുര രണ്ടാം ഇന്നിങ്സിൽ വെറും 40 റൺസിന് ഓൾ ഔട്ടായിരുന്നു. ഏദൻ ആപ്പിൾ ടോമിൻ്റെയും അഖിൻ്റെയും ബൌളിങ് മികവാണ് രണ്ടാം ഇന്നിങ്സിൽ ത്രിപുരയെ തകർത്തത്.

ആദ്യ ഇന്നിങ്സിൽ 217 റൺസിന് പുറത്തായ കേരളം 19 റൺസിൻ്റെ ലീഡ് നേടിയിരുന്നു. വരുൺ നായനാരും അഹ്മ്മദ് ഇമ്രാനും ചേർന്നുള്ള 99 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു കേരള ഇന്നിങ്സിൽ നിർണ്ണായകമായത്. വരുൺ നായനാർ 50ഉം അഹ്മദ് ഇമ്രാൻ 48ഉം റൺസെടുത്തു. വാലറ്റത്ത് അഭിജിത് പ്രവീണും കിരൺ സാഗറും ചേർന്ന് കൂട്ടിച്ചേർത്ത 56 റൺസും നിർണ്ണായകമായി. അഭിജിത് പ്രവീൺ 49 റൺസുമായി പുറത്താകാതെ നിന്നു. കിരൺ സാഗർ 31 റൺസെടുത്തു. ത്രിപുരയ്ക്ക് വേണ്ടി സന്ദീപ് സർക്കാർ നാലും ഇന്ദ്രജിത് ദേബ്നാഥ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര കേരള പേസർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ആറ് ബാറ്റർമാർ പൂജ്യത്തിന് പുറത്തായപ്പോൾ രണ്ട് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. ക്യാപ്റ്റൻ സന്ദീപ് സർക്കാർ 20 റൺസുമായി പുറത്താകാതെ നിന്നു. ത്രിപുര ഇന്നിങ്സിന് 40 റൺസിൽ അവസാനമായി. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോം ആറും അഖിൻ നാലും വിക്കറ്റുകൾ വീഴത്തി.

Tags