കേരള ക്രിക്കറ്റ് ലീഗ്; സോണി ചെറുവത്തൂർ ആലപ്പി റിപ്പിൾസിന്റെ പരിശീലകൻ


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണുവേണ്ടി തയാറെടുക്കുന്ന ആലപ്പി റിപ്പിൾസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ക്യാപ്റ്റനും ബിസിസിഐ ലെവൽ രണ്ട് പരിശീലകനുമായ സോണി ചെറുവത്തൂർ എത്തുന്നു. കളിക്കാരൻ, പരിശീലകൻ, ക്രിക്കറ്റ് അനലിസ്റ്റ് എന്നീ നിലകളിൽ പരിചയ സമ്പന്നനായ സോണി ചെറുവത്തൂർ മൂന്ന് രഞ്ജി ട്രോഫി ടൂർണമെന്റുകളിൽ കേരളത്തെ നയിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ അതിവേഗത്തിൽ 100 വിക്കറ്റുകൾ നേടിയ കേരള ബൗളർ, രഞ്ജി ട്രോഫിയിൽ ഹാട്രിക് നേടിയ രണ്ട് കേരള ബൗളർമാരിൽ ഒരാൾ എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കളിക്കാരൻ എന്ന നിലയിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
tRootC1469263">2011 ലെ കേരള ക്രിക്കറ്റർ ഓഫ് ദ ഇയറിനുള്ള എസ്.കെ. നായർ അവാർഡിനും അദ്ദേഹം അർഹനായി. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ഇന്ത്യ അണ്ടർ 19 സോണൽ ക്യാംപിലെ പരിശീലകൻ, കേരള അണ്ടർ 19, അണ്ടർ 16 ടീമുകളുടെ മുഖ്യപരിശീലകൻ, 2019ലെ കേരള രഞ്ജി ട്രോഫി ടീമിന്റെ ബൗളിങ് പരിശീലകൻ, പോണ്ടിച്ചേരി രഞ്ജി ട്രോഫി ടീമിന്റെ സെലക്ടർ എന്നീ നിലകളിലും അദ്ദേഹം പരിചയസമ്പന്നനാണ്. 2015ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായുള്ള സ്റ്റാർ സ്‌പോർട്‌സ് വിദഗ്ധ പാനലിലും ഇന്ത്യൻ പ്രീമിയർ ലീഗിലെ ജിയോ സിനിമ അനലിസ്റ്റ്, എക്‌സ്‌പേർട് പാനലിലും അംഗമായിരുന്ന സോണി ചെറുവത്തൂർ മികച്ച ക്രിക്കറ്റ് കമന്റേറ്റർ കൂടിയാണ്.
