ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലകനായി നയിക്കാനുള്ള അര്‍ഹത ഗംഭീറിനുണ്ട് ; ഭാര്യ നടാഷ

gambhir

ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചതിനെ പ്രശംസിച്ച് ഭാര്യ നടാഷയുടെ പ്രതികരണം. ചൊവ്വാഴ്ച വൈകിട്ടാണ് ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായി സ്വാഗതം ചെയ്യുന്നുവെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രതികരിച്ചത്.

2027 വരെ മൂന്നര വര്‍ഷത്തെ കരാറാണ് ഗംഭീറിന് ബിസിസിഐ നല്‍കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ മെന്റര്‍ സ്ഥാനം രാജിവച്ചാണ് ഗംഭീര്‍ ബിസിസിഐയുടെ ഓഫര്‍ സ്വീകരിച്ചത്.

പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഗംഭീറിനുള്ള ആശംസാ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലകനായി നയിക്കാനുള്ള അര്‍ഹത ഗംഭീറിനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ നടാഷ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചത്. 2007ല്‍ ഇന്ത്യ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടുമ്പോള്‍ നിര്‍ണായക പ്രകടനവുമായി ഗംഭീര്‍ ടീമിനൊപ്പമുണ്ടായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി രണ്ടു തവണ ഐപിഎല്‍ കിരീടവും ഉയര്‍ത്തി.
2024 ഐപിഎല്‍ സീസണിനു മുന്നോടിയായാണ് ഗംഭീര്‍ മെന്ററുടെ റോളില്‍ കൊല്‍ക്കത്തയിലെത്തിയത്. ആദ്യ സീസണില്‍ തന്നെ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഇറങ്ങിയ കൊല്‍ക്കത്തയെ കിരീടത്തിലെത്തിക്കാന്‍ ഗംഭീറിനു സാധിച്ചു. ഗംഭീറുമായുള്ള അഭിമുഖം നടന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് താരത്തെ നിയമിക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്. 

Tags