കൗണ്ടി സീസണിലെ മൂന്നാം ഇരട്ടസെഞ്ചുറിയുമായി ഇന്ത്യൻ താരം ചേതേശ്വർ പൂജാര
chetheswar poojara

കൗണ്ടി സീസണിലെ മൂന്നാം ഇരട്ടസെഞ്ചുറിയുമായി ഇന്ത്യൻ താരം ചേതേശ്വർ പൂജാര. മിഡിൽസെക്സിനെതിരായ മത്സരത്തിൽ സസക്സ് ക്യാപ്റ്റനായ പൂജാര 231 റൺസെടുത്താണ് പുറത്തായത്. ഇരട്ടസെഞ്ചുറി നേടിയ പൂജാരയെ ലോർഡ്സിലെ കാണികൾ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് അഭിനന്ദിച്ചത്.

403 പന്തുകളിൽ 21 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതമാണ് പൂജാര 231ലെത്തിയത്. സസക്സിനായി ടോം അൽസോപ്പും (135) തിളങ്ങി. ഇരുവരുടെയും ബാറ്റിംഗ് മികവിൽ സസക്സ് 523 റൺസെടുത്ത് ഓൾഔട്ടായി. മിഡിൽസെക്സിനായി ഇന്ത്യൻ താരം ഉമേഷ് യാദവ് ഇറങ്ങിയെങ്കിലും താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.

ലോർഡ്സിൽ ഇരട്ടശതകം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പൂജാര. ഒപ്പം, 118 വർഷത്തെ ചരിത്രത്തിൽ ഒരു സീസണിൽ മൂന്ന് ഇരട്ട ശതകം നേടുന്ന ആദ്യ സസക്സ് താരം എന്ന റെക്കോർഡും പൂജാരയ്ക്ക് സ്വന്തമായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പൂജാരയുടെ 16ാമത്തെ ഇരട്ട ശതകമാണ് ഇത്. സീസണിൽ 10 ഇന്നിംഗ്സുകൾ കളിച്ച പൂജാര ആകെ 997 റൺസ് നേടിക്കഴിഞ്ഞു. 4 സെഞ്ചുറിയും മൂന്ന് ഇരട്ടസെഞ്ചുറിയുമാണ് സീസണിൽ പൂജാര സ്കോർ ചെയ്തത്.

Share this story