വിരമിക്കല്‍ പ്രഖ്യാപനം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ച്‌ അന്പാട്ടി റായിഡു
ambatirayudu

ചെന്നൈ : ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2022 ക്രിക്കറ്റ് തന്‍റെ അവസാന മത്സര സീസണായിരിക്കുമെന്നു ട്വീറ്റ് ചെയ്ത താരം മണിക്കൂറുകള്‍ക്കം അതു ഡിലീറ്റ് ചെയ്തു.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്ററായ അന്പാട്ടി റായിഡു ആണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ അതു പിന്‍വലിച്ചത്.

"ഇത് എന്‍റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നു പ്രഖ്യാപിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. 13 വര്‍ഷമായി കളിക്കുകയും രണ്ടു മികച്ച ടീമുകളുടെ ഭാഗമാകുകയും ചെയ്തതില്‍ സന്തോഷമുണ്ട്. മുംബൈ ഇന്ത്യന്‍സിനും സിഎസ്കെയ്ക്കും ആത്മാര്‍ഥമായി നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അത്ഭുതകരമായ യാത്രയ്ക്ക്.- ഇതായിരുന്നു റായിഡുവിന്‍റെ ട്വീറ്റ്. എന്നാല്‍, ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇതു ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഏതാനും വര്‍ഷങ്ങളായി സൂപ്പര്‍ കിംഗ്സിന്‍റെ ബാറ്റിംഗ് നിരയിലെ പ്രധാന താരമാണ് റായിഡു.ഐപിഎല്ലില്‍ 187 മത്സരങ്ങള്‍ കളിച്ച റായിഡു 29.28 ശരാശരിയില്‍ 4,187 റണ്‍സ് നേടിയിട്ടുണ്ട്. 127.26 എന്ന മികച്ച സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.ടൂര്‍ണമെന്‍റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 100 നോട്ടൗട്ട് ആണ്. ഐപിഎല്‍ കരിയറില്‍ റായിഡു മുംബൈ ഇന്ത്യന്‍സിലും ചെന്നൈ സൂപ്പര്‍ കിംഗ്സിലും കളിച്ചു. 2010 മുതല്‍ 2017 വരെയായിരുന്നു മുംബൈ ഇന്ത്യന്‍സില്‍ ഉണ്ടായിരുന്നത്.

അതേസമയം, അന്പാട്ടി റായിഡു വിരമിക്കുന്നില്ലെന്നും അദ്ദേഹം തങ്ങള്‍ക്കൊപ്പം തുടരുമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. 2022 സീസണ്‍ ഐപിഎല്ലിലെ തന്‍റെ പ്രകടനത്തില്‍ റായിഡു നിരാശനായിരുന്നെന്നും ആ നിരാശയില്‍നിന്നാണ് വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ താരവുമായി സംസാരിച്ചു. അദ്ദേഹം വിരമിക്കില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 27.10 ശരാശരിയില്‍ 271 റണ്‍സ് ആണ് ഈ സീസണില്‍ ഇതുവരെ റായിഡു നേടിയിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും സൂപ്പര്‍ കിംഗിന്‍റെ ബാറ്റര്‍മാരില്‍ റണ്‍സ് നേടിയതില്‍ മൂന്നാം സ്ഥാനത്തുണ്ട് അന്പാട്ടി റായിഡു. റുതുരാജ് ഗെയ്ക്‌വാദ് (313), ശിവം ദുബെ (289) എന്നിവരാണ് റായിഡുവിനേക്കാള്‍ ഈ സീസണില്‍ കൂടുതല്‍ റണ്‍ നേടിയിട്ടുള്ള ചെന്നൈ താരങ്ങള്‍.

Share this story