പാകിസ്താനെതിരെ എൻ്റെ ഓവറാണ് കളി തോല്പിച്ചത്: മൊയീൻ അലി

google news
moieen

പാകിസ്താനെതിരായ രണ്ടാം ടി-20 മത്സരത്തിൽ തൻ്റെ ഓവറാണ് കളി തോല്പിച്ചതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ മൊയീൻ അലി. മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ മൊയീൻ അലി 21 റൺസ് വഴങ്ങിയിരുന്നു. അത് തങ്ങൾക്ക് തിരിച്ചടിയായെന്ന് താരം പറഞ്ഞു. മത്സരത്തിൽ പാകിസ്താൻ 10 വിക്കറ്റിനു വിജയിച്ചിരുന്നു. 

“ഞാൻ ആ ഓവർ എറിഞ്ഞപ്പോൾ കളിയുടെ താളം മാറി. ആ ഓവർ അവർക്ക് വിശ്വാസം നൽകി. പിന്നീട് അവരെ തടുക്കാനായില്ല. കൂടുതൽ സമയം കളി നിയന്ത്രണത്തിലായിരുന്നു. ശരിക്കും എൻ്റെ ഓവർ കാരണമാണ് ഞങ്ങൾ പരാജയപ്പെട്ടതെന്ന് ഞാൻ വിചാരിക്കുന്നു. അത് ഒരു ചൂതാട്ടമായിരുന്നു. ഒരു വിക്കറ്റ് വീഴ്ത്താനായിരുന്നു എൻ്റെ ശ്രമം. അത് വിജയിച്ചില്ല. അങ്ങനെ പാകിസ്താൻ വിജയിക്കുകയും ചെയ്തു.”- മൊയീൻ അലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യിൽ 10 വിക്കറ്റ് വിജയം നേടിയ പാകിസ്താൻ ഒട്ടേറെ റെക്കോർഡുകളും തകർത്തു. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 3 പന്തുകൾ ബാക്കിനിൽക്കെയാണ് പാകിസ്താൻ മറികടന്നത്. മൊയീൻ അലി (23 പന്തിൽ 55), ബെൻ ഡക്കറ്റ് (22 പന്തിൽ 43), ഹാരി ബ്രൂക്ക് (19 പന്തിൽ 31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 199 റൺസിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ ബാബർ അസമിൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും റിസ്വാൻ്റെ ഫിഫ്റ്റിയുടെയും മികവിൽ തകർപ്പൻ ജയം നേടുകയായിരുന്നു. 66 പന്തുകൾ നേരിട്ട ബാബർ 110 റൺസ് നേടി പുറത്താവാതെ നിന്നപ്പോൾ 51 പന്തുകൾ നേരിട്ട റിസ്വാൻ 88 റൺസ് നേടി ക്രീസിൽ തുടർന്നു. ടി-20 ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് വിക്കറ്റ് നഷ്ടമില്ലാതെ ഒരു ടീം 200 പിന്തുടർന്ന് ജയിക്കുന്നത്. ടി-20 ക്രിക്കറ്റിലെ രണ്ടാമത്തെ 200 റൺസ് കൂട്ടുകെട്ട് കൂടിയാണിത്. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും (203) ഇന്നലെ ബാബർ-റിസ്വാൻ സഖ്യം പടുത്തുയർത്തി.

Tags