ബ്ലാസ്റ്റേഴ്സിന് ബൂട്ടണിയാൻ ബ്രെയ്‌സ് മിരാൻഡയെത്തുന്നു

google news
bytt

കൊച്ചി: ചർച്ചിൽ ബ്രദേഴ്‌സ് യുവതാരം ബ്രെയ്‌സ് മിരാൻഡയെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. 2026 വരെയുള്ള കരാറിലാണ് താരത്തെ മഞ്ഞപ്പട ടീമിലെത്തിക്കുന്നത്. മികച്ച പന്തടക്കത്തിലൂടെയും ഡ്രിബ്ലിങ് മികവിലൂടെയും ക്രോസുകളിലൂടെയും ഫുട്ബാൾ പ്രേമികളുടെ മനം കവർന്ന മുംബൈ ദാദർ സ്വദേശിയായ 22കാരനായി ബ്ലാസ്‌റ്റേഴ്‌സ് എത്ര തുക മുടക്കിയെന്നത് വ്യക്തമല്ല.

ഇടതു വിങ്ങിലൂടെ ആക്രമിച്ചു കയറാനും ഗോളടിപ്പിക്കാനും പ്രത്യേക കഴിവുള്ള മിരാൻഡ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ചിന്റെ ആക്രമണ ശൈലിക്ക് ചേർന്ന താരമാണെന്നാണ് വിലയിരുത്തൽ. പ്രമുഖ താരങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് വിട്ട സാഹചര്യത്തിലാണ് മിരാൻഡയെ ടീമിലെത്തിക്കുന്നത്.

മുംബൈ എഫ്.സി അക്കാദമിയിൽനിന്ന് കളിപഠിച്ച മിരാൻഡ 18ാം വയസ്സ് വരെ ക്ലബിനായി കളത്തിലിറങ്ങി. പിന്നീട് യൂനിയൻ ബാങ്കിനായി ഏതാനും മാസങ്ങൾ കളിച്ച താരം 2018ൽ എഫ്.സി ഗോവയുടെ യൂത്ത് ടീമിലെത്തി. 2019ൽ ഇൻകം ടാക്‌സ് എഫ്.സിക്കു വേണ്ടി കളിച്ച മിരാൻഡ മുംബൈ ഫുട്‌ബാൾ ലീഗായ എലൈറ്റ് ഡിവിഷനിൽ മൂന്ന് ഗോളടിക്കുകയും പത്ത് ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് ശ്രദ്ധനേടിയത്.

ഇതിനു പിന്നാലെ ചർച്ചിൽ ബ്രദേഴ്‌സിൽനിന്ന് വിളിയെത്തി. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവൻ ക്ലബിനു വേണ്ടി 33 കളികളിൽ ബൂട്ടുകെട്ടിയ താരം രണ്ട് ഗോൾ നേടുകയും നാലെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഐലീഗിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ അണ്ടർ 23 ദേശീയ ടീമിലും ഇടം ലഭിച്ചു.

2021-22 ഐലീഗ് സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 55 ക്രോസുകളാണ് താരം നൽകിയത്. മുംബൈ സിറ്റി അടക്കമുള്ള ക്ലബുകൾ നോട്ടമിടുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സ് താരത്തെ കൊച്ചിയിലെത്തിക്കുന്നത്.
 

Tags