സൗദി അറേബ്യയിൽ ഹീറ്ററിൽ നിന്ന് തീപടർന്ന് ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് ദാരുണാന്ത്യം
Updated: Jan 8, 2025, 19:31 IST
റിയാദ്: ഹീറ്ററിൽ നിന്ന് തീപടർന്ന് ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് ദാരുണാന്ത്യം. യെമൻ സ്വദേശികളാണ് മരണപ്പെട്ടത്.സൗദി അറേബ്യയിലെ ഹാഫിർ അൽ ബത്തിനിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്.
മൂന്ന് പെൺകുട്ടികളും ഒരു കുഞ്ഞുമാണ് മരിച്ചത്. ആറുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ 4.30നാണ് ദാരുണാപകടം ഉണ്ടായത്. പത്തംഗ കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ നാലുപേരെ രക്ഷപ്പെടുത്താനായില്ല. എട്ട് മാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. റമദാനിൽ വിവാഹിതയാകാനൊരുങ്ങിയ 18കാരിയും തീപിടത്തത്തിൽ മരണപ്പെട്ടു.