തൊഴിലാളികള്‍ക്കായി പുതിയ ഭവന ചട്ടങ്ങള്‍ നടപ്പാക്കാനൊരുങ്ങി കുവൈത്ത്

Kuwait
Kuwait

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഒരു മുറിയില്‍ നാല് പേര്‍ക്ക് മാത്രമാണ് താമസിക്കാന്‍ കഴിയുക.

രാജ്യത്തെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാ?ഗമായി പുതിയ ഭവന ചട്ടങ്ങള്‍ പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍. പാര്‍പ്പിട നിലവാരം ഉയര്‍ത്തുന്നതിനും തൊഴിലാളികള്‍ തിങ്ങി പാര്‍പ്പിക്കുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നത്. 

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഒരു മുറിയില്‍ നാല് പേര്‍ക്ക് മാത്രമാണ് താമസിക്കാന്‍ കഴിയുക. കൂടാതെ ഓരോ തൊഴിലാളിക്കും നിര്‍ദ്ദിഷ്ട ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥലം നല്‍കിയിട്ടുണ്ടെന്ന് തൊഴിലുടമ ഉറപ്പാക്കുകയും വേണം. ഒരു മുറിയില്‍ത്തന്നെ ഇരുപതോളം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കേണ്ടി വരുന്ന അവസ്ഥക്ക് ഇതോടെ അറുതിയാകും. പാര്‍പ്പിട സൗകര്യം ഒരുക്കാന്‍ കഴിയാത്ത തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് അലവന്‍സ് നല്‍കണം. മിനിമം വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ ശമ്പളത്തിന്റെ 25 ശതമാനത്തിന് സമാനമായ തുകയാണ് അലവന്‍സായി നല്‍കേണ്ടത്. അതേസമയം, മിനിമം വേതനത്തിന് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ 15 ശതമാനം അലവന്‍സിനും അര്‍ഹരാണ്. 

കൂടാതെ, തൊഴിലാളികള്‍ക്ക് ഭവന സൗകര്യം ഏര്‍പ്പെടുന്നതിന് മുന്‍പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും തൊഴിലുടമകള്‍ അനുമതി നേടിയിരിക്കണം. താമസസൗകര്യങ്ങള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സ്ഥലം താമസിക്കാനുതകുന്നതാണെന്ന് ഉറപ്പാക്കാനുമാണ് ഇത്തരത്തില്‍ നടപടിയെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വ്യക്തമാക്കി. 

Tags