കുവൈറ്റില്‍ പുരുഷന്മാരുടെ വിരമിക്കല്‍ പ്രായം 55, സ്ത്രീകളുടേത് 50 ; പ്രായപരിധി കഴിഞ്ഞ കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം

kuwait flag
kuwait flag

പെന്‍ഷന്‍ പ്രായം പുതുക്കി നിശ്ചയിച്ചതിലൂടെ രാജ്യത്തെ പുതുതലമുറയ്ക്ക് തൊഴില്‍ മേഖലകളില്‍ പ്രവേശനം എളുപ്പമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.

കുവൈറ്റില്‍ പുതിയ വിരമിക്കല്‍ പ്രായം പ്രഖ്യാപിച്ച് മിനിസ്റ്റേഴ്സ് കൗണ്‍സില്‍ യോഗം. കൗണ്‍സില്‍ ചെയര്‍മാന്‍ ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. പുതിയ തീരുമാനപ്രകാരം രാജ്യത്തെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിന് അനുസൃതമായി ജീവനക്കാരുടെ പെര്‍ഷന്‍ പ്രായം പുരുഷന്‍മാരുടേത് 55 വയസ്സും സ്ത്രീകളുടേത് 50 വയസ്സുമായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

പെന്‍ഷന്‍ പ്രായം പുതുക്കി നിശ്ചയിച്ചതിലൂടെ രാജ്യത്തെ പുതുതലമുറയ്ക്ക് തൊഴില്‍ മേഖലകളില്‍ പ്രവേശനം എളുപ്പമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാനം അനുസരിച്ച് വിരമിക്കല്‍ പ്രായമായ ജീവനക്കാരുടെ പട്ടിക സിവില്‍ സര്‍വീസ് ബ്യൂറോയ്ക്ക് നല്‍കുന്നതിന് സാമൂഹിക സുരക്ഷയ്ക്കുള്ള പൊതു സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വിരമിക്കല്‍ വേഗത്തില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ബ്യൂറോയ്ക്ക് മന്ത്രിമാരുടെ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ വിവിധ പദ്ധതികളില്‍ കരാര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്‍മാര്‍ക്ക് 55 വയസ്സും സ്ത്രീകള്‍ക്ക് 50 വയസ്സും തികയുന്ന മുറയ്ക്ക് അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും മന്ത്രിമാരുടെ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇങ്ങനെ പിരിച്ചുവിടപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും കരാര്‍ ജോലിയില്‍ തിരികെ എടുക്കരുതെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.
 

Tags