വെല്ലുവിളി വേണ്ട,ബദല്‍ വ്യാപാര പാതയൊരുക്കാന്‍ സംയുക്ത റെയില്‍ പദ്ധതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍
ഗള്‍ഫിന്റെ സാമ്പത്തിക മുഖച്ഛായ മാറ്റുന്നതാണ് ഈ സ്വപ്ന പദ്ധതി.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ ബദല്‍ വ്യാപാര പാതയൊരുക്കാന്‍ സംയുക്ത റെയില്‍ പദ്ധതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍. ആറ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഈ കൂറ്റന്‍ റെയില്‍ ശൃംഖല 2030-ഓടെ പൂര്‍ണ്ണ സജ്ജമാകും. ഗള്‍ഫിന്റെ സാമ്പത്തിക മുഖച്ഛായ മാറ്റുന്നതാണ് ഈ സ്വപ്ന പദ്ധതി.
2,100 കിലോമീറ്ററിലധികം നീളമുള്ള ജിസിസി റെയില്‍വേ ശൃംഖല ഗള്‍ഫ് മേഖലയുടെ തന്ത്രപരമായ സാമ്പത്തിക സുരക്ഷാ കവചമാണ്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികള്‍ ആഗോള കപ്പല്‍ ഗതാഗതത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തന്ത്രപരമായ നീക്കം. ഈ വന്‍ ലോജിസ്റ്റിക്‌സ് പരിവര്‍ത്തനത്തിന്റെ പ്രധാന കേന്ദ്രം യുഎഇയാണ്.
രാജ്യത്തെ ഏഴ് എമിറേറ്റുകളെയും പ്രമുഖ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റര്‍ നീളമുള്ള ഇത്തിഹാദ് റെയില്‍ ചരക്കുശൃംഖല ഇതിനകം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിതരണ ശൃംഖലയിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ വെറും ഒന്‍പത് ദിവസത്തിനുള്ളില്‍ 4.5 ലക്ഷം ടണ്‍ ചരക്ക് നീക്കിയാണ് ഇത്തിഹാദ് റെയില്‍ കരുത്ത് തെളിയിച്ചത്.
യുഎഇയെയും ഒമാനിലെ സോഹാര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന 238 കിലോമീറ്റര്‍ നീളമുള്ള 'ഹഫീത് റെയില്‍' പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണ്. ഇതിനൊപ്പം ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാന്‍ ഹബ്ഷാന്‍-ഫുജൈറ പൈപ്പ്ലൈന്‍ സംവിധാനവും യുഎഇ ശക്തമാക്കി.
സമാനമായി ലാന്‍ഡ്ബ്രിഡ്ജ് പദ്ധതിയിലൂടെ കിഴക്കന്‍-പടിഞ്ഞാറന്‍ തീരങ്ങളെ റെയില്‍ മാര്‍ഗ്ഗമായി ബന്ധിപ്പിക്കുന്ന നടപടികളിലാണ് സൗദി അറേബ്യ. കേവലം ചരക്കുനീക്കത്തിന് മാത്രമല്ല, വരും വര്‍ഷങ്ങളില്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് യാത്രാ ട്രെയിന്‍ സര്‍വീസുകളും യാഥാര്‍ത്ഥ്യമാകും. റോഡുകളിലെ വന്‍ തിരക്കും പുക മലിനീകരണവും കുറയ്ക്കാന്‍ ഈ വലിയ ഹരിത പദ്ധതി സഹായിക്കും. ജിസിസി രൂപീകരണത്തിന് ശേഷമുള്ള ഈ സംയുക്ത റെയില്‍വേ പദ്ധതി, ഗള്‍ഫിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതും.
.jpg)

