കുവൈത്തില്‍ നാളെ വരെ പൊടിക്കാറ്റിന് സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം


വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
കുവൈത്തില്‍ വ്യാഴാഴ്ച രാവിലെ വരെയും പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ദരാര്‍ അല്‍ അലി പറഞ്ഞു. രാജ്യത്ത് തെക്കു കിഴക്കന്‍ കാറ്റിന്റെ സാന്നിധ്യം സജീവമാണെന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഫലമായി ദൃശ്യപരതയും കുറയും.
തിരമാലകള്‍ 7 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദരാര്‍ അല്‍ അലി പറഞ്ഞു.
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിശക്തമായ കാറ്റിനോടൊപ്പം പൊടിയും ഉയരുന്നതിനാല്‍ ആസ്മ, അലര്‍ജി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മാസ്‌ക്ക് ധരിക്കണമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.