യുഎഇയില്‍ നിയമം ലംഘിച്ച് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു; രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

google news
uae

യുഎഇയില്‍ നിയമം ലംഘിച്ച് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. യുഎഇ മാനവവിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയത്തിന്റേതാണ് നടപടി. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

യുഎഇ നിയമം അനുശാസിക്കുന്ന ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചത്. ദുബായിലെ ഷമ്മ അല്‍ മഹൈരി ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് സര്‍വീസ് സെന്റര്‍, അജ്മാനിലെ അല്‍ ബാര്‍ഖ് ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് സര്‍വീസ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. രണ്ട് സ്ഥാപനങ്ങളും നിയമ വിരുദ്ധമായി നിരവധി തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി പരിശോധയില്‍ വ്യക്തമാവുകയായിരുന്നു. വന്‍ തുക പിഴ ചുമത്തുകയും ചെയ്തു.

തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

Tags