ഭാര്യയുമായി തര്‍ക്കത്തിന് പിന്നാലെ വഴിയില്‍ ഉപേക്ഷിച്ചു ; മരുഭൂമിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി

desert

സൗദിയിലെ ജുബൈലിന് വടക്ക് മരുഭൂമിയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ്. കുവൈത്ത് സ്വദേശിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ബഹ്‌റൈനില്‍ നിന്ന് കുവൈറ്റിലേക്കുള്ള മടക്കയാത്രയ്ക്കിടെ സൗദി അറേബ്യയില്‍ വെച്ച് ഭാര്യയെ കാണാതായതായി ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. സൗദി അറേബ്യയിലാരിക്കെയാണ് യുവതിയെ കാണാതായതെന്നാണ് ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ യുവതി തിരിച്ചെത്താതെ വന്നപ്പോള്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി തര്‍ക്കമുണ്ടായെന്നും ശുചിമുറിയില്‍പോയ യുവതിയെ വാഹനത്തില്‍ കയറ്റാതെ താന്‍ ഒറ്റയ്ക്ക് സ്വദേശത്തേക്ക് മടങ്ങിയെന്നുമാണ് യുവാവ് പൊലീസിനെ അറിയിച്ചത്.
സൗദി സുരക്ഷാ വകുപ്പുകളും കുവൈത്ത് സുരക്ഷാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ടതാണെന്നാണ് പ്രാഥമികാന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണ കാരണങ്ങളുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

Tags