ദുബൈ - ഹത്ത റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചു

google news
road

ദുബൈ : ദുബൈ - ഹത്ത റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചു. നിലവിലുള്ള പരമാവധി വേഗതയായ മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്നുള്ളത് 80 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. വേഗത നിയന്ത്രണം ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നതായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഹത്ത മാസ്റ്റര്‍ ഡെവല‍പ്‍മെന്റ് പ്ലാന്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ദുബൈ - ഹത്ത റോഡിന്റെ വികസന സാധ്യതകളും ഭാവിയില്‍ ഈ പ്രദേശത്തുണ്ടാകാന്‍ സാധ്യതയുള്ള വാഹനപ്പെരുപ്പവും കൂടി ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ട് അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ദുബൈയിലെ റോഡുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വേഗ പരിധി സംബന്ധിച്ച് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അടിക്കടി പുനഃപരിശോധനകള്‍ നടത്താറുണ്ട്. അന്താരാഷ്‍ട്ര മാനദണ്ഡങ്ങല്‍ ആധാരമാക്കിയാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതും. 

ഏതാണ്ട് ആറ് കിലോമീറ്റര്‍ റോഡിലാണ് വേഗപരിധി കുറച്ചിരിക്കുന്നത്. 100 കിലോമീറ്റര്‍ വേഗത നിജപ്പെടുത്തിക്കൊണ്ട് നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ മാറ്റി 80 കിലോമീറ്റര്‍ അടയാളപ്പെടുത്തിയ പുതിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പുതിയ വേഗത നിയന്ത്രണം ബാധകമാവുന്ന പ്രദേശത്തിന്റെ തുടക്കത്തില്‍ തന്നെ ചുവന്ന നിറത്തില്‍ റോഡില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ദുബൈ പൊലീസ് ആസ്ഥാനവും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

 

Tags