സൗദിയിൽ ഒരാഴ്ചക്കിടെ 10,842 നിയമലംഘകർ അറസ്റ്റിൽ
Mon, 9 May 2022

സൗദിയിൽ ഒരാഴ്ചക്കിടെ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 10,842 പേരെ അറസ്റ്റ് ചെയ്തു. ഏപ്രിൽ 28 മുതൽ മേയ് നാലുവരെയുള്ള കാലയളവിൽ സുരക്ഷ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ 6,916 പേർ താമസ നിയമലംഘകരാണ്.
2,918 പേർ അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചു. 1,008ലേറെ പേർ തൊഴിൽ നിയമലംഘകരുമാണ്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 352 പേർ പിടിയിലായി. ഇതിൽ 56 ശതമാനം യമൻ പൗരന്മാരും 36 ശതമാനം ഇത്യോപ്യക്കാരുമാണ്. ബാക്കി എട്ടു ശതമാനം മറ്റു വിവിധ രാജ്യക്കാരാണ്. 103 പേർ രാജ്യത്തുനിന്ന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി.