യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചനമറിയിക്കാന്‍ ഉപരാഷ്ട്രപതി ഇന്ന് യുഎഇയിലെത്തും
MVenkaiahNaidu

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ മരണത്തില്‍ ഇന്ത്യയുടെ അനുശോചനം നേരിട്ടറിയിക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് യുഎഇയിലെത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും വെള്ളിയാഴ്ച അനുശോചനം രേഖപ്പെടുത്തിയിരുന്നു.


ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ മരണത്തില്‍ ഇന്ത്യയുടെ അനുശോചനം അറിയിക്കാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശനിയാഴ്ച ഡല്‍ഹിയിലെ യുഎഇ എംബസി സന്ദര്‍ശിച്ചു.

അതേസമയം യുഎഇയുടെ പുതിയ പ്രസിഡന്റായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹിയാനെ തെരഞ്ഞെടുത്തു. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണദ്ദേഹം. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ സഹോദരനും യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ മകനുമാണ് ഷെയ്ഖ് മുഹമ്മദ്.

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ (73) വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 2004 നവമ്പര്‍ മൂന്ന് മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ചുമതല വഹിച്ചു വരുകയായിരുന്നു. യുഎഇ1971ല്‍ രൂപീകരിക്കുമ്പോള്‍ തന്റെ 26ാം വയസില്‍ അദ്ദേഹം ഉപപ്രധാനമന്ത്രിയായി. 1976ല്‍ ഉപ സൈന്യാധിപനായും നിയമിക്കപ്പെട്ടു.

Share this story