കുവൈത്തിൽ കോവിഡ് വാക്‌സിനേഷനായി 16 മേഖലാ ക്ലിനിക്കുകളിൽ സൗകര്യമേർപ്പെടുത്തും

google news
covid vaccine

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്‌സിനേഷനായി 16 മേഖലാ ക്ലിനിക്കുകളിൽ സൗകര്യമേർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അവധി കഴിഞ്ഞു കുടുംബങ്ങൾ തിരിച്ചെത്തുന്നതും സ്‌കൂളുകൾ പുനരാരംഭിക്കുന്നതും കണക്കിലെടുത്താണ് മിശ്രിഫിലെ പ്രധാന കേന്ദ്രത്തിനു പുറമെ മേഖലാ ക്ലിനിക്കുകളിൽ കൂടി വാക്‌സിൻ വിതരണം നടത്തുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 മേഖലാ ക്ലിനിക്കുകൾ വഴി ഈ മാസം 10 മുതലാണ് കോവിഡ് വാക്‌സിൻ നൽകിത്തുടങ്ങുക. ഞായർ മുതൽ വ്യാഴം വരെ ഉച്ചക്ക് മൂന്നു മുതൽ രാത്രി എട്ടു വരെ ആയിരിക്കും ഇവിടെ വാക്‌സിൻ വിതരണം. അഞ്ചു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ആദ്യ രണ്ടു ഡോസുകളും, 12 മുതൽ 18 വരെയുള്ളവർക്ക് ആദ്യ ബൂസ്റ്റർ ഡോസും 50 മുകളിൽ പ്രായമുള്ളവർക്കും മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്കും രണ്ടാമത്തെ ബൂസ്റ്റർ ഡോസും ലഭ്യമായിരിക്കും.

ഹവല്ലി ഗവർണറേറ്റിൽ സൽവ മഹ്‌മൂദ് ഹജി ഹൈദർ, റുമൈത്തിയ മെഡിക്കൽ സെന്ററുകളിലും, ഫർവാനിയയിൽ, ഒമരിയ, അബ്ദുല്ല അൽ മുബാറക്, അന്തലൂസ് ക്ലിനിക്കുകളിലും ജഹറയിൽ അൽ-നഈം, അൽ-അയൂൺ, സാദ് അൽ-അബ്ദുല്ല ഹെൽത്ത് സെന്ററുകളിലും ആണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നത്. അഹമ്മദിയിൽ ഫിന്റാസ് ഫഹാഹീൽ, അദാൻ സ്പെഷ്യലിസ്റ്റ് സെന്ററുകളിലും കാപിറ്റൽ ഗവർണറേറ്റിൽ ഷെയ്ഖ ഫത്തൂഹ് ഹെൽത്ത് സെന്റർ, സബാഹ് ഹെൽത്ത് സെന്റർ, ജാസിം അൽ-വസാൻ ഹെൽത്ത് സെന്റർ, ജാബർ അൽ-അഹമ്മദ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും കുത്തിവെപ്പ് എടുക്കാം. വെസ്റ്റ് മിഷ്റഫിലെ അബ്ദുൾ റഹ്‌മാൻ അൽ സായിദ് ഹെൽത്ത് സെന്ററിൽ ഫൈസർ വാക്‌സിനും മറ്റു 15 ഇടങ്ങളിൽ മോഡേണയും ആണ് നൽകുകയെന്നും അധികൃതർ അറിയിച്ചു.
 

Tags