BJPയിലേക്ക് പോകുന്ന CPM വോട്ടുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസ് രൂപരേഖ; വയനാട്ടില്‍ ചർച്ച

rahul and priyanka

ഡൽഹി : കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്ന സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകൾ ആകർഷിക്കാനുള്ള രൂപരേഖ തയ്യാറാക്കി കോൺഗ്രസ്. ജൂലൈ 15, 16 തീയതികളിൽ വയനാട്ടിൽ ചേരുന്ന പാർട്ടിയുടെ ലീഡേഴ്സ് കോൺക്ലേവിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയെ കോൺഗ്രസ് ദേശിയ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും സി.പി.എം. വോട്ടുകൾ ചോർന്നത് ബി.ജെ.പിയിലേക്കാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ബി.ജെ.പിയിലേക്കുള്ള ഈ ഒഴുക്ക് ഗൗരവ്വത്തോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടഞ്ഞ് മതേതര സ്വഭാവമുള്ള വോട്ടുകൾ കോൺഗ്രസിൽ എത്തിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാനാണ് രൂപരേഖ തയ്യാറാക്കുന്നത്.

ജൂലൈ 15,16 തീയതികളിൽ വയനാട് നടക്കുന്ന ലീഡേഴ്സ് കോൺക്ലേവിൽ എ.ഐ.സി.സി. നേതാക്കളായ കെ.സി. വേണുഗോപാൽ, ദീപ ദാസ് മുൻഷി, കെ.പി.സി.സി. ഭാരവാഹികൾ, ഡി.സി.സി. പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗങ്ങൾ, പോഷകസംഘടനകളുടെ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.

Tags