Friday September 20th, 2019 - 3:46:pm
topbanner
Breaking News
jeevanam

നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം ...., ഓണ സമ്മാനങ്ങള്‍ വാങ്ങാം ....

RA
 നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം ...., ഓണ സമ്മാനങ്ങള്‍ വാങ്ങാം ....

സമൃദ്ധിയുടെയും ഗൃഹാതുരതയുടെയും ഉത്സവമാണ് ഓണം. പൂക്കളങ്ങളും ഓണത്തുമ്പിയും ഊഞ്ഞാലും ഓണസദ്യയും ഓണക്കോടിയുമെല്ലാം ചേര്‍ന്നതാണ് ഓണമെന്ന മഹോത്സവം. നാട്ടിന്‍പുറങ്ങള്‍ പോലും നഗരങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ആധുനിക കാലത്ത് ഓണാഘോഷത്തിന് പരിമിതികളുണ്ടാകുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഓണത്തിന് പോലും മലയാളികള്‍ സദ്യ കഴിക്കാന്‍ ഹോട്ടലുകളില്‍ ബുക്ക് ചെയ്ത് ക്യൂ നില്‍ക്കുന്ന കാഴ്ചയും ഇന്ന് സര്‍വസാധാരണമാണ്.

നാട്ടിന്‍പുറങ്ങളിലെ ഓണം കേവലം ഗൃഹാതുരതയായി മാറാതെ ആ ഓണ നന്മ ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍. "നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം , ഓണ സമ്മാനങ്ങള്‍ വാങ്ങാം" എന്ന പദ്ധതി ഇതിന്റെ ഭാഗമാണ്. സംസ്ഥാന ഉത്തര വാദിത്ത ടൂറിസം മിഷന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഈ പരിപാടി വലിയ ആവേശത്തോടെയാണ് ടൂറിസ്റ്റുകള്‍ ഏറ്റെടുത്തത്.

ഓണക്കാലത്ത് ടൂറിസം പ്രവര്‍ത്തനത്തിലൂടെ ഒരു പറ്റം ഗ്രാമീണര്‍ക്ക് ഈ പദ്ധതി വഴി വരുമാനം ലഭിക്കുകയുണ്ടായി. വിദേശ വിനോദസഞ്ചാരികള്‍ക്കൊപ്പം പ്രവാസികളായ മലയാളി കുടുംബങ്ങളും നഗരവാസികളായ മലയാളികളും എല്ലാം നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ടും ഓണസമ്മാനങ്ങള്‍ വാങ്ങിയും സന്തോഷത്തോടെ മടങ്ങിയ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഈ പരിപാടി കുറേക്കൂടി വിപുലമായി സംഘടിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. ഓണം സ്പെഷല്‍ വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകളായാണ് ഇത്തവണ നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം, ഓണ സമ്മാനങ്ങള്‍ വാങ്ങാം പരിപാടി സംഘടിപ്പിക്കുന്നത്.

ഈ പദ്ധതിയുടെ ഒരു ഭാഗം ഗ്രാമ യാത്രകള്‍ ആണ് . ഗ്രാമയാത്രയ്ക്ക് സ്വന്തം വാഹനത്തിലെത്തുന്നവര്‍ക്ക് കുട്ടികളുള്‍പ്പെടെയുള്ള നാലംഗ കുടുംബത്തിന് 3000 രൂപ നിരക്കില്‍ ഈ പദ്ധതിയുടെ ഭാഗമാകാം. ഈ 3000 രൂപയില്‍ 4 അംഗ കുടുംബത്തിന് ( അച്ഛന്‍, അമ്മ, 12വയസ് വരെ പ്രായമുള്ള 2 കുട്ടികള്‍ ) ഓണസദ്യയും ഓണ സമ്മാനങ്ങളും നല്കുന്നു. ഓണ സമ്മാനമ്മായി അര കിലോ ഏത്തക്ക ഉപ്പേരി, ഒരു കരകൗശല ഉല്പന്നം, പപ്പടം, വിത്തു പേനകള്‍, ഒരു ഓണക്കോടി എന്നിവ നല്‍കും. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം , മടവൂര്‍ പാറ, കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം, വൈക്കം താലൂക്കിലെ മറവന്തുരുത്ത്, ചെമ്പ്, കുമരകത്തിനടുത്ത് മാഞ്ചിറ, വരമ്പിനകം, അയ്മനം, തിരുവാര്‍പ്പ് , കാസര്‍കോട് ജില്ലയിലെ ബേക്കല്‍, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ,കടലുണ്ടി,വയനാട്ടിലെ ചേകാടി, ചെറുവയല്‍,നെല്ലറച്ചാല്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഓണമുണ്ണാനും ഗ്രാമയാത്ര നടത്തുന്നതിനും സൗകര്യമൊരുക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

താമസം ഉള്‍പ്പെടുത്തിയ പാക്കേജുകളും ഇതിന്റെ ഭാഗമായുണ്ട്. ഈ പാക്കേജില്‍ 4 പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന് ( അച്ഛന്‍, അമ്മ, 12വയസ് വരെ പ്രായമുള്ള 2 കുട്ടികള്‍ ) ഒരു രാത്രി (ദിവസം) താമസം, പ്രഭാത ഭക്ഷണം, ഓണ സദ്യ, രാത്രി ഭക്ഷണം എന്നിവയും, അര കിലോ ഏത്തക്ക ഉപ്പേരിയും, കരകൌശല വസ്തു എന്നിവ അടങ്ങുന്ന സമ്മാനം എന്നിവ ഉള്‍പ്പെടെ 4000 രൂപ മുതല്‍ 5000 രൂപ വരെയുള്ള തുക ( അക്കോമഡേഷന്‍ യൂണിറ്റിന്റെ കാറ്റഗറി അനുസരിച്ചു ) പാക്കേജുകള്‍ എടുക്കാവുന്നതാണ്. ഇത് ഒരു ഡിസ്കൗണ്ട് റേറ്റ് പാക്കേജ് ആയതിനാല്‍ ഒരു ദിവസം മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക .

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ഹോം സ്റ്റേകളുമായി ചേര്‍ന്നാണ് താമസമടക്കമുള്ള പാക്കേജ് നടപ്പാക്കുന്നതെന്ന് ടൂറിസം മന്ത്രി അറിയിച്ചു. നിരവധി ഹോം സ്റ്റേകള്‍ ഇതിനായി റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ആഗസ്ത് 10 വരെ ഹോം സ്റ്റേ കള്‍ക്ക് ഇതിനായി റെജിസ്റ്റര്‍ ചെയ്യാവുന്നതാണ് . ഇതിനായി [email protected] എന്ന മെയില്‍ ഐ .ഡി . യിലേക്ക് മെയില്‍ അയച്ചാല്‍ മതിയാകും.

പരമ്പരാഗത രീതിയില്‍ ഉള്ള ഓണ സദ്യ മാത്രം നല്‍കുന്ന പാക്കേജുമുണ്ട്. വീടുകള്‍, നാടന്‍ ഭക്ഷണശാലകള്‍ , കുടുംബശ്രീ റെസ്റ്റോറന്‍റുകള്‍, കാറ്ററിങ് യൂണിറ്റുകള്‍ , ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകാനാകും. അംഗീകൃത ഹോട്ടലുകൾ മുതൽ വഴിയോരക്കടകൾ വരെ താത്പര്യമുള്ള ആരെയും ഇതിനു അനുവദിക്കും. ഇതിനായി വീടിന്റെയോ സ്ഥാപനത്തിന്റെയോ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകം .ഓണ സദ്യക്ക് പരമാവധി ഒരാള്‍ക്ക് 250 /- രൂപയാണ് ഈടാക്കുക. ഓണ സദ്യ നടത്തുന്ന സ്ഥാപനങ്ങള്‍ / വീടുകള്‍ ഇതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കിയിട്ടുള്ള ബാനറുകളോ, പോസ്റ്ററുകളോ വെബ് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു പ്രദര്‍ശിപ്പിക്കുകയും ചെയ്യണം .

കഴിഞ്ഞ വര്‍ഷം നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാനും, ഓണസമ്മാനം നേടാനും എത്തിയത് 563 പേരാണ്. ഇതില്‍ 151 പേര്‍ വിദേശ ടൂറിസ്റ്റുകളും, 268 പേര്‍ ആഭ്യന്തര ടൂറിസ്റ്റുകളും, 154 പേര്‍ മലയാളികളുമായിരുന്നു. ഇത്തവണ കൂടുതല്‍ സഞ്ചാരികളെ നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാന്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതുവഴി ഗ്രാമീണ ജനതയ്ക്ക് വരുമാനമുണ്ടാക്കാനും, അവരുടെ ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് വിപണനം ചെയ്യാനും അവസരമുണ്ടാകും. കഴിഞ്ഞ വര്‍ഷം ഈ പദ്ധതി വഴി ഏഴ് ലക്ഷത്തി ഇരുപത്തേഴായിരം രൂപയാണ് വരുമാനമായി ലഭിച്ചത്.

ഇത്തവണ ഗ്രാമീണ ജീവിതം അനുഭവിച്ചറിയാനുള്ള പ്രത്യേക പാക്കേജുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കുമരകം പാക്കേജില്‍ മൂന്ന് മണിക്കൂര്‍ കായല്‍, കനാല്‍ യാത്ര, കയര്‍ നിര്‍മ്മാണം, തെങ്ങുകയറ്റം, ഓണസദ്യ എന്നിവയുണ്ടാകും. നാല് പേര്‍ക്ക് ഇതിന് 4500 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇതിനൊപ്പം ഗ്രാമയാത്രയും, വലവീശലും, ഓണസമ്മാനവും, തിരുവാതിരകളിയുമെല്ലാമടങ്ങുന്ന പാക്കേജിന് 4 പേര്‍ക്ക് 8500 രൂപയാണ് ഈടാക്കുക.

വൈക്കം പാക്കേജില്‍ കായല്‍/കനാല്‍ യാത്ര, നെയ്ത്തുശാല സന്ദര്‍ശനം, വൈക്കം ക്ഷേത്ര സന്ദര്‍ശനം, ഓണ സദ്യ, ഓണ സമ്മാനം എന്നിവയ്ക്ക് എല്ലാം കൂടി 4 പേര്‍ക്ക് 5000 രൂപയാണ്. ബേക്കല്‍ കോട്ട സന്ദര്‍ശനം, ബേക്കല്‍ ബീച്ച് സന്ദര്‍ശനം, മണ്‍പാത്ര നിര്‍മാണം, ഓണ സദ്യ, ഓണ സമ്മാനം എന്നിവ അടങ്ങുന്ന ബേക്കല്‍ പാക്കേജില്‍ 5000 രൂപയാണ് 4 പേരടങ്ങുന്ന കുടുംബത്തില്‍ നിന്ന് ഈടാക്കുക. കണ്ണൂര്‍ പാക്കേജില്‍ കുഞ്ഞിമംഗലം വെങ്കല ഗ്രാമം സന്ദര്‍ശനം, ഓണ സദ്യ, നെയ്തു ശാല സന്ദര്‍ശനം, ഓണ സമ്മാനം, ഗ്രാമ യാത്ര എന്നിവയെല്ലാം കൂടി 5000 രൂപയാണ്. കോഴിക്കോട് 6000 രൂപ പാക്കേജില്‍ ജലായനം ഗ്രാമ യാത്ര, ഫാം ടൂറിസം സെന്‍റര്‍ സന്ദര്‍ശനം, ഓണസദ്യ, ഓണ സമ്മാനം എന്നിവയുണ്ടാകും.

കോഴിക്കോട് 4500 രൂപ പാക്കേജില്‍ പൈതൃക നടത്തം, ഓണ സദ്യ, ഓണ സമ്മാനം എന്നിവയാണുള്ളത്. തിരുവനന്തപുരം 4500 രൂപയുടെ ആദ്യ പാക്കേജില്‍ സില്‍ക് സാരി നെയ്ത്, കോവളം ബീച്ച് സന്ദര്‍ശനം, ഓണ സദ്യ, കൃഷിയിടങ്ങളിലെ സന്ദര്‍ശനം, ഓണ സമ്മാനം എന്നിവയാണ് ആകര്‍ഷണമായിട്ടുള്ളത്. രണ്ടാമത്തെ പാക്കേജില്‍ മടവൂര്‍ പാറ ഗുഹാ ക്ഷേത്ര സന്ദര്‍ശനം, ഓല നെയ്ത്, വേര് ശില്പ നിര്‍മാണം, പപ്പടം നിര്‍മാണം, ഓണ സദ്യ, ഓണ സമ്മാനം എന്നിവയുണ്ടാകും. ഇതിനും 4500 രൂപ മാത്രമാണ് നാലുപേര്‍ക്കുള്ള പാക്കേജ് കോസ്റ്റ്. തേക്കടി പാക്കേജില്‍ തേനീച്ച വളര്‍ത്തല്‍, വലിയ പാറ വ്യൂ പോയിന്‍റ് സന്ദര്‍ശനം, ഒട്ടകതലമേട് വ്യൂ പോയിന്‍റ് സന്ദര്‍ശനം, പപ്പടം നിര്‍മ്മാണം, നെയ്ത്, ഓണ സദ്യ, ഓണ സമ്മാനം എന്നിവയാണ് 4500 രൂപയുടെ പാക്കേജിലുള്ളത്. വയനാട് പാക്കേജില്‍ എടക്കല്‍ ഗുഹ സന്ദര്‍ശനം, തേയിലത്തോട്ടസന്ദര്‍ശനം, അമ്പെയ്ത്ത് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Viral News

Read more topics: onam, tourism, new project
English summary
village onam tourism new project
topbanner

More News from this section

Subscribe by Email