Thursday August 13th, 2020 - 11:08:pm

ഓണത്തെ വരവേൽക്കാൻ തൃശൂര്‍ നഗരം കീഴടക്കാന്‍ കുമ്മാട്ടികളൊരുങ്ങുന്നു

princy
ഓണത്തെ വരവേൽക്കാൻ തൃശൂര്‍  നഗരം കീഴടക്കാന്‍ കുമ്മാട്ടികളൊരുങ്ങുന്നു

തൃശൂര്‍: മഴ മാറിയതോടെ പൊന്നോണത്തിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുമെയ്യായും ഒരുമനസായും ഒരുങ്ങിക്കഴിഞ്ഞു. പുതു കോടികളും പായസക്കൂട്ടുകളും ഉപ്പേരിയും പപ്പടവും നാക്കിലയും നാലുവറവും എല്ലാം തയ്യാറായി. ബന്ധുക്കള്‍ ഗൃഹസന്ദര്‍ശന തിരക്കിലും കുട്ടികള്‍ ഓണക്കളികളിലും വ്യാപൃതരായി. നാടിന്റെ ഓണാഘോഷത്തെ വര്‍ണാഭമാക്കാനായി കുമ്മാട്ടി സംഘങ്ങളും തയാറായിക്കഴിഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൂരത്തിനും പുലികളിക്കുമൊപ്പം തന്നെ തൃശൂര്‍കാര്‍ക്ക് പ്രിയങ്കരമായ കലാരൂപമാണ് കുമ്മാട്ടിക്കളി. തൃശൂര്‍, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് ആദ്യകാലങ്ങളില്‍ കുമ്മാട്ടി പ്രചാരത്തിലുണ്ടായിരുന്നത്.എന്നാല്‍ ഇന്നത് മറ്റു ജില്ലകളിലേയും ക്ലബുകളും സാംസ്‌കാരിക സംഘടനകളും കുമ്മാട്ടികളി നടത്തിവരുന്നുണ്ട്. പ്രധാനമായും തൃശൂര്‍ നഗരത്തിന് ചുറ്റുമുള്ള ദേശക്കാരാണ് ഓണാഘോഷത്തോടനുബന്ധിച്ച് കുമ്മാട്ടികളി നടത്തുന്നത്.

മുഖംമൂടിയണിഞ്ഞ് പര്‍പ്പകപുല്ല് പുതച്ചെത്തുന്ന കുമ്മാട്ടികള്‍ ഓണത്തപ്പനെ വരവേല്‍ക്കാനുള്ള ഗ്രാമീണരുടെ അനുഷ്ടാന കലയാണ്. ഉത്രാടം നാള്‍ മുതല്‍ തന്നെ നാട്ടിന്‍ പുറങ്ങളില്‍ കുമ്മാട്ടികള്‍ ഇറങ്ങി തുടങ്ങും. ചെണ്ട, നാഗസ്വരം, ശിങ്കാരിമേളം, ബാന്‍ഡ്‌സെറ്റ്, നാടന്‍ കലാവാദ്യങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഓരോ കുമ്മാട്ടി സംഘത്തിനുമൊപ്പമുണ്ടാകും.

കാലങ്ങളായി പിന്തുടരുന്ന കുമ്മാട്ടി കളിക്കു പിന്നില്‍ വലിയ ഐതീഹ്യമാണുള്ളത്. പാണ്ഡവരുടെ വനവാസ കാലത്ത് പാശുപാതാസ്ത്രത്തിനായി അര്‍ജുനന്‍ കഠിന തപസ് ചെയ്തുവെന്നും തപസ് പരീക്ഷിക്കാന്‍ ശിവപാര്‍വതിമാര്‍ കിരാത വേഷം ധരിച്ച് ഭൂതഗണങ്ങള്‍ക്കൊപ്പം നൃത്തംചവിട്ടി കാട്ടിലെത്തിയെന്നുമാണ് വിശ്വാസം.കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതില്‍ ദുഖിച്ച അര്‍ജുനന് മുന്നില്‍ ശിവന്‍ പ്രത്യക്ഷപ്പെടുകയും വരം നല്‍കുകയും ചെയ്തു.

പിന്നീട് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ ശിവപാര്‍വതിമാര്‍ക്കായി ഭൂതഗണങ്ങള്‍ വീണ്ടും വാദ്യ മേളങ്ങള്‍ക്കൊപ്പം നൃത്തംവയ്ക്കുന്ന ചടങ്ങിന് തുടക്കമായെന്നും ഇതാണ് ഇന്നുകാണുന്ന കുമ്മാട്ടികളിയായി രൂപം പ്രാപിച്ചതെന്നുമാണ് ഐതീഹ്യം.ഈ കഥയെ രൂപപ്പെടുത്തിയാണ് കുമ്മാട്ടിയുടെ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാട്ടാളന്‍, തള്ള, ഹനുമാര്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍. കിഴക്കുംപാട്ടുകര ദേശമാണ് കുമ്മാട്ടികളിയുടെ പ്രധാന കേന്ദ്രം.

വിവിധ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചും അഞ്ഞൂറോളം കലാകാരന്‍മാരെ അണിനിരത്തിയും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെയാണ് കുമ്മാട്ടികളി സംഘങ്ങള്‍ തയ്യാറെടുക്കുന്നത്. ഓണനാളുകളില്‍ വിശേഷം തിരക്കിയും പായാരം പറഞ്ഞും തള്ളയും ഹനുമാമും അസുരഗണങ്ങളും ഊരുചുറ്റാന്‍ എത്തും. ശരീരം മുഴുവന്‍ പര്‍പ്പക പുല്ല് വച്ചുകെട്ടി മരത്തില്‍ കൊത്തിയെടുത്ത മുഖങ്ങള്‍ ധരിച്ച് പ്രത്യേക ഈണത്തിലും താളത്തിലുമുള്ള പാട്ടുകള്‍ പാടിയാണ് കുമ്മാട്ടികളെത്തുക.

കിഴക്കുംപാട്ടുകരയില്‍ തന്നെ തെക്കുമുറി, വടക്കുമുറി, ചേലക്കോട്ടുകര ഋഷി കുളമുറ്റം, ഊരകം, നല്ലെങ്കര, നെട്ടിശ്ശേരി, പ്രഥ്വി, മുക്കാട്ടുകര, പൂങ്കുന്നം തുടങ്ങിയ വിവിധ ദേശങ്ങളായി കുമ്മാട്ടികളിറങ്ങും.ദേശങ്ങളും സംഘങ്ങളും പരസ്പരം മത്സരിച്ച് വൈവിധ്യമാര്‍ന്ന മുഖങ്ങളൊരുക്കാനും കുമ്മാട്ടിപുല്ല് ശേഖരിക്കാനുമുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ തന്നെ തുടങ്ങി. അത്ര സുലഭമല്ലാത്ത പര്‍പ്പകപുല്ല് കേരളത്തിന് പുറത്തുനിന്നുവരെ എത്തിച്ചാണ് ഓരോ സംഘങ്ങളും തങ്ങളുടെ കുമ്മാട്ടികളെ ഒരുക്കുന്നത്.

കുമ്മാട്ടി ലോകത്തെ കാരണവര്‍ സ്ഥാനം കിഴക്കുംപാട്ടുകര തെക്കുംമുറി വിഭാഗത്തിനാണ്. എഴുപത്തെട്ടാമത്തെ വര്‍ഷമാണിവര്‍ കുമ്മാട്ടികളിക്കിറങ്ങുന്നത്.കുമ്മാട്ടികളിയും, ഓണത്തല്ലും, പുലികളിയും, ഊഞ്ഞാലാട്ടവും, പൂക്കളമത്സരവും, തലപ്പന്തുകളിയും അങ്ങിനെ ഇനിയും കൈവിടാത്ത ആ പഴയ ഓണാഘോഷങ്ങളുടെ കണ്ണിമുറിയാത്ത നന്മയുമായി തൃശുര്‍കാര്‍ ഈ ഓണത്തേയും വരവേല്‍ക്കുകയാണ്. ഫാസ്റ്റ് ഫൂഡിനും വൈഫൈക്കും വരെ തളച്ചിടാന്‍ കഴിയാത്ത ഓണത്തിന്റെ ആഹ്ലാദാരവങ്ങളിലാണ് തൃശൂരിലെ ജനങ്ങള്‍. ഇവിടെ ആഘോഷങ്ങള്‍ വേറെ ലെവലാണ് ഗഡി.

 

English summary
kummatti in thrissur
topbanner

More News from this section

Subscribe by Email