ചെന്നൈയിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ
ചെന്നൈ: ചെന്നൈയിലേക്ക് ഓട്ടം പോയ മലയാളിയായ ടാക്‌സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിക്കകം ഒരുവാതിൽകോട്ട ടിസി 91/418(2) ‘പ്ലാമൂട്ടിൽ വീട്ടിൽ രാധാകൃഷ്ണനെ (53) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 ന് ചെന്നൈ കോയമ്പേട് വിമാനത്താവളത്തിനു സമീപമാണ് തമിഴ്നാട് പൊലീസ് കണ്ടെത്തിയത്.
ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ യുപി സ്വദേശികളുമായി കഴിഞ്ഞ 18 നാണ് രാധാകൃഷ്ണൻ ചെന്നൈയിലേക്ക് സവാരി പോയത്. എല്ലാ വർഷവും ഇവർ രാധാകൃഷ്ണന്റെ ടാക്സിയിൽ യാത്ര ചെയ്യാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.ഇവരെ ചെന്നൈയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയിട്ട് 24ന് രാത്രി കോയമ്പേട് വിമാനത്താവളത്തിൽ എത്തിച്ച ശേഷം അന്ന് രാത്രി വരെ കുടുംബവുമായി രാധാകൃഷ്ണൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
പിറ്റേന്ന് പുലർച്ചെ വീട്ടിലേക്ക് തിരിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് രാധാകൃഷ്‌ണനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നപ്പോൾ വീട്ടുകാർ പൊലീസിനെ സമീപിച്ചു. കുടുംബം വെള്ളിയാഴ്ച പേട്ട പൊലീസിൽ പരാതി നൽകി.പേട്ട പൊലീസ് കോയമ്പേട് പൊലീസിനെ ബന്ധപ്പെടുകയും ഇന്നലെ (ഒക്‌ടോബർ 25) രാത്രി ഇയാളുടെ വാഹനം പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തുകയും ചെയ്‌തു.
മരണ കാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുവെന്നും പേട്ട എസ്എച്ച്ഒ അറിയിച്ചു.