എറണാകുളത്ത് കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി


എറണാകുളം : കണ്ണമാലി പുത്തൻതോട് കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളുരുത്തി എസ്ഡിപിവൈ റോഡിൽ ചിത്തുപറമ്പിൽ ഹർഷാദ്- ഷാഹിന ദമ്പതികളുടെ മകൻ ഷാഹിദിനെയാണ് (14) ഞായർ വൈകിട്ട് ആറോടെ കടലിൽ കാണാതായത്.
ഷാഹിനയും സുഹൃത്ത് നസീറയും ഇവരുടെ മക്കളും ഉൾപ്പെടെ എട്ടംഗ സംഘമാണ് പുത്തൻതോട് കടപ്പുറത്ത് വിനോദത്തിനായി എത്തിയത്. ഷാഹിനയും മകൻ ഷാഹിദും കുളിക്കാനിറങ്ങി. ഷാഹിന ഒഴുക്കിൽപ്പെട്ടത് കണ്ട മകൻ ഷാഹിദ് ഇവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഷാഹിനയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ഷാഹിദിനെ കാണാതായി. പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷാഹിദ്.
അഗ്നിരക്ഷാസേനയും പൊലീസും ഫിഷറീസ് വകുപ്പിന്റെ ബോട്ടും മത്സ്യത്തൊഴിലാളികളും ഞായർ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കൾ പകൽ പതിനൊന്നോടെ പുത്തൻതോട് ഭാഗത്തുനിന്നുതന്നെ മൃതദേഹം ലഭിച്ചു. ഖബറടക്കം നടത്തി.