വയനാട് പുഷ്പോത്സവം 29-ന് തുടങ്ങും; ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ
കൽപ്പറ്റ: ഉരുൾ ദുരന്തത്തിന് ശേഷമുള്ള വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം 2024 കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ 29-ന് തുടങ്ങും. പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ്മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്ത് ഡിസംബർ 31 വരെയാണ് വയനാട് പുഷ്പോത്സവം നടത്തുന്നത്. വൈകുന്നേരങ്ങളിൽ പ്രാദേശിക കലാകാരൻമാരുടെ കലാ പരിപാടികളും ഉണ്ടാകും. മാരുതി മരണക്കിണർ സർക്കസ്, ആകാശം മുട്ടുന്ന ആകാശത്തൊട്ടിൽ,ആകാശത്തോണി, സിനിമാറ്റിക് ഡാൻസ് കളിക്കുന്ന ബ്രേക്ക് ഡാൻസ്ഡ്രാഗൺ ട്രെയിൻ, ഉല്ലസിക്കാൻ കിഡ്സ് പാർക്ക് , കാണികളെ ഭയപ്പെടുത്തുന്ന ഗോസ്റ് ഹൗസ് എന്നിവയോടൊപ്പം പുഷ്പോത്സവത്തിന് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള ഫുഡ് ഫെസ്റ്റും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
29ന് വൈകുന്നേരം അഞ്ചുമണിക്ക് കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദിഖ് വയനാട് പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ നഗര സഭാ ചെയർ പേഴ്സൺ അഡ്വ.ടി.ജെ. ഐസക് ആദ്യ ടിക്കറ്റ് വിൽപ്പന നിർവ്വഹിക്കും.
വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം
കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ 29ന് തുടങ്ങുന്ന വയനാട് പുഷ്പോത്സവത്തിൽ ഒരു മാസത്തിനുള്ളിൽ 20 ലക്ഷം ആളുകൾ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമാണ്. ഒന്നര ലക്ഷം സൗജന്യ പാസുകൾ ഇതിനോടകം സ്കൂളുകളിൽ വിതരണം ചെയ്തുകഴിഞതായി സംഘാടകർ പറഞ്ഞു.
വെള്ളാർ മല സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും സംഘാടകരുടെ ചിലവിൽ പുഷ്‌പോത്സവത്തിനെത്തിച്ച് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. അഫ്സൽ കുറ്റ്യാടി,സലാം കൽപ്പറ്റ ,,
സലീം കൈനിക്കൽ, ഷൗക്കത്ത് പാഞ്ചിളി, എസ്. വിക്രം ആനന്ദ്, പി.പി. സെൽവരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.