വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ദൗത്യസംഘത്തിന് നേരെ കടുവ ആക്രമണം; ആര്‍ആര്‍ടി അംഗത്തിന് പരിക്ക്


കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവാ ആക്രമണം. ഉള്‍വനത്തില്‍ കടുവയെ തിരഞ്ഞെത്തിയ ആര്‍ആര്‍ടി സംഘത്തെയാണ് കടുവ ആക്രമിച്ചത്. അക്രമത്തിൽ സംഘാംഗം ജയസൂര്യയുടെ വലതു കൈയ്ക്ക് പരിക്കേറ്റു. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കടുവ ജയസൂര്യയുടെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ഷീല്‍ഡ് കൊണ്ട് തടഞ്ഞതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
എട്ട് പേരടങ്ങുന്ന എട്ട് സംഘവും, 20 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവുമാണ് പഞ്ചാരക്കൊല്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നത്തെ തിരച്ചിലിന്റെ ഭാഗമാകുന്നത്. കടുവയെ കണ്ടാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ബേസ് ക്യാമ്പില്‍ ആളുകള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ഇന്ന് ഉന്നതതല യോഗവും ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചര്‍ച്ചയാകും.