സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

arrest8

തൃശൂര്‍: പ്രണയം നടിച്ച് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. നാഗലശേരി വാവന്നൂര്‍ സ്വദേശി പുന്നത്ത് വീട്ടില്‍ ഷിഹാബിനെയാണ് തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്താത്തത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ രക്ഷിതാക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനം വിവരം അറിയുന്നത്. 

തൃത്താല പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു വിദ്യാര്‍ഥിനിയെയും പ്രതി പീഡിപ്പിച്ചെന്ന വിവരവും ലഭിച്ചു. ഇതിനിടയില്‍ മൊബൈല്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്തശേഷം പ്രതി കടന്നുകളഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പാലക്കാട് നിന്നാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. രണ്ട് പോക്‌സോ കേസുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

പട്ടാമ്പി-കുറ്റിപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഷിഹാബ്. ബസിലെ പരിചയമാണ് പെണ്‍കുട്ടികളുമായി പ്രണയം നടിച്ച് പീഡനത്തിലേക്ക് വഴിവച്ചതെന്ന് പോലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ രണ്ടുപേരും പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ്. തൃത്താല എസ്.എച്ച്.ഒ. വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊപ്പം, ബാലുശേരി പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളിലെ പ്രതി കൂടിയായ ഷിഹാബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.