തെരുവുനായ് വന്ധ്യംകരണം; സഹകരിക്കാത്ത വെറ്ററിനറി ഡോക്ടർമാർക്കെതിരേ നടപടി : മന്ത്രി ജെ. ചിഞ്ചുറാണി

google news
Minister J. Chinchurani

കോട്ടയം: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് സഹകരിക്കാത്ത വെറ്ററിനറി ഡോക്ടർമാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ നിർമിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

വന്ധ്യംകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും നേതൃത്വം നൽകണം. തെരുവു നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ നിന്ന് പരാതികൾ ലഭിച്ചു. വന്ധ്യംകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. പാലുത്പാദനച്ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കും. പൊതുജനങ്ങളെ കാര്യമായി ബാധിക്കാത്ത വിധത്തിൽ പാൽ വില ഈ മാസം വർധിപ്പിക്കും. ബി.പി.എൽ. കുടുംബങ്ങൾക്ക് 90 ശതമാനം സബ്സിഡിയോടെ പശുക്കളെ നൽകാനുള്ള പുതിയ പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. ആഫ്രിക്കൻ പന്നിപ്പനി മൂലം കോട്ടയം ജില്ലയിൽ നഷ്ടം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരമായ 20 ലക്ഷം രൂപയും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.

മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷനായി. ക്ഷീരവികസന വകുപ്പിന്റെ ഗോവർദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ഗോട്ട് സാറ്റലൈറ്റ് പദ്ധതിയുടെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസും നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർ ( പ്ളാനിംഗ്) ഡോ.ഡി.കെ. വിനുജി റിപ്പോർട്ട് അവതരിപ്പിച്ചു.

കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ,് വൈസ് പ്രസിഡന്റ് ബി. രാജേഷ്, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസി പൊയ്കയിൽ, ജെസി ജോർജ്ജ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ രമ്യ രാജേഷ്, മാത്യു തോമസ്, സ്മിത വിനോദ്, കൊഴുവനാൽ മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ.ടി. കുര്യാക്കോസ് മാത്യു, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ മേഖലയിലെ സംരഭങ്ങൾ സാധ്യതകൾ എന്ന വിഷയത്തിൽ എരുമേലി എം.എഫ്.എ.യു. വെറ്ററിനറി സർജൻ ഡോ.എം.എസ് സുബിൻ ക്ലാസെടുത്തു

Tags