വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകണം : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

gvghj

പത്തനംതിട്ട : ജില്ലയിലെ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആകണമെന്നും വിദ്യാലയങ്ങളുടെ കൂട്ടായ്മയിലൂടെ വിവിധ തലങ്ങളില്‍ ജില്ലയെ മുന്നിലെത്തിക്കാന്‍ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണം ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നടന്ന പാഠ്യപദ്ധതി ചര്‍ച്ചകളുടെ, പത്തനംതിട്ട ഡയറ്റ് തയാറാക്കിയ ക്രോഡീകൃതസമാഹാരം, പത്താം തരത്തിലെ റിസല്‍റ്റ് മെച്ചപ്പെടുത്തുന്ന മുന്നേറ്റം 23 പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ് രേണുക ഭായി, സമഗ്ര ശിക്ഷാ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, കൈറ്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ സുദേവ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ്, ഡയറ്റ് ഫാക്കല്‍റ്റി അംഗം കെ. ഷീജ എന്നിവര്‍ പങ്കെടുത്തു.  
തുടര്‍ന്നു നടന്ന പാഠ്യപദ്ധതി ജില്ലാതല സെമിനാറില്‍ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ എസ്. രാജേഷ് വിഷായവതരണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.പി വേണുഗോപാലന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, പ്രഫ. മാലൂര്‍ മുരളീധരന്‍, കെ.എന്‍. രാജേശ്വരന്‍, ഷാജി മാത്യൂ, ബിനോയ് കെ. എബ്രാഹാം എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പത്താം തരം ഉള്‍പ്പെടെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ പി.ആര്‍ ഷീലകുമാരി, പി.ആര്‍ പ്രസീന എന്നിവര്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബി.ആര്‍.സി കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Share this story