സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 5,70,865 ടണ്‍ നെല്ല് സംഭരിച്ചു : മന്ത്രി ജി.ആര്‍ അനില്‍
pathanamthittasupplycopetrolbunk

പത്തനംതിട്ട : സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ ഏപ്രില്‍ 27 വരെ 5,70,865 ടണ്‍ നെല്ല് സംഭരിച്ചതായി ഭക്ഷ്യ പെതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. തിരുവല്ല പാലിയേക്കര അമ്പിളി ജംഗ്ഷനില്‍ സപ്ലൈകോ ആരംഭിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ താലൂക്ക് കേന്ദ്രങ്ങളില്‍ സയന്റിഫിക്ക് ഗോഡൗണുകള്‍ സ്ഥാപിക്കും. ഭക്ഷ്യസാധനങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കാനുള്ള അഞ്ച് ഗോഡൗണുകളുടെ കല്ലിടല്‍ ഉടന്‍ നടക്കും. തുടര്‍ന്ന് ഈ വര്‍ഷം 20 എണ്ണത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കും.

തിരുവല്ല പെട്രോള്‍ ബങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തികരിച്ച് ജനുവരി ഒന്നോടുകൂടി പമ്പ് തുറന്നു കൊടുക്കും. പമ്പിനൊപ്പം ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനും സപ്ലൈകോഔട്ട്ലെറ്റ് സൂപ്പര്‍ മാര്‍ക്കറ്റും ഉണ്ടാകും. ജില്ലയില്‍ ആദ്യമായാണ് സപ്ലൈകോ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന്പെട്രോള്‍ ബങ്ക് ആരംഭിക്കുന്നതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ അഡ്വ. മാത്യു. ടി. തോമസ് എം.എല്‍.എ അധ്യക്ഷനായിരുന്നു.

സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട്ജോഷി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിവിഷണല്‍ റീട്ടെയില്‍ സെയില്‍സ് ഹെഡ് വിനായക് എം. മാലി, തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ബിന്ദു ജയകുമാര്‍, നഗരസഭാ കൗണ്‍സിലര്‍ മാത്യു ചാക്കോ, രാഷ്ട്രീയ പ്രതിനിധികളായ അഡ്വ. കെ.ജി രതീഷ്‌കുമാര്‍, ജിജി വട്ടശ്ശേരില്‍, ജില്ലാ സൈപ്ല ഓഫീസര്‍ എം അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story