പാലക്കാട് കല്ലടിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്ത് കാട്ടാന

The car which was parked in the backyard of Palakkad Kalladikode was broken wild elephant into

പാലക്കാട്: കല്ലടിക്കോട്, കരിമ്പ ഭാഗങ്ങളില്‍ കാട്ടാന ആക്രമണം വര്‍ധിക്കുന്നു. കരിമ്പയില്‍ വീടിനുമുന്നില്‍ നിര്‍ത്തിയിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. കരിമ്പ  ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പാങ്ങ് ഇളങ്ങോട് പ്രദീപിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഷെവര്‍ലറ്റ് ബീറ്റ് കാറിന്റെ വാതിലും ലൈറ്റുമാണ് കാട്ടാന തകര്‍ത്തത്. ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ആന കാര്‍ കുത്തി മറിക്കുന്നത് കണ്ടത്. വീട്ടുകാര്‍ ബഹളം കൂട്ടിയതോടെ ആന മാറിപോയി.

കഴിഞ്ഞദിവസം മൂന്നേക്കറിലും കാട്ടാന നാശം വിതച്ചു. മൂന്നേക്കര്‍ മേമന ബാബുവിന്റെ തോട്ടത്തിലെ നാലു വര്‍ഷം പഴക്കമുള്ള പത്തിലധികം തെങ്ങുകളാണ് നശിപ്പിച്ചത്. തെങ്ങുകളുടെയെല്ലാം കൂമ്പുകള്‍ വലിച്ചു പൊളിച്ച് നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റബറിന്റെ തൊലി അടക്കം കാട്ടാന വലിച്ചു കീറിയിരുന്നു. 

കല്ലടിക്കോട് മേഖലയില്‍ കാട്ടാന ഒറ്റക്കും കൂട്ടമായും ഇറങ്ങുന്നത് പതിവായി.
കരിമ്പയുടെ മലയോര ഗ്രാമങ്ങളായ മൂന്നേക്കര്‍, മരുതുംകാട്, പാങ്ങ് പ്രദേശങ്ങളിലാണ് കൂടുതലായും കാട്ടാന ശല്യം ഉണ്ടാകുന്നത്. കൃഷിനാശം വരുത്തിയും ജനങ്ങളുടെ ജീവന് ഭീഷണിയായും മാറിയ അക്രമകാരിയായ കാട്ടാനയെ അടിയന്തിരമായി പിടികൂടണമെന്ന് കേരള കര്‍ഷക സംഘം കരിമ്പ പഞ്ചായത്ത് കമ്മിറ്റി  ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
 

Tags